വിഴിഞ്ഞത് വൃക്ക കച്ചവടം വ്യാപകമെന്ന് പരാതി: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
|അവയവക്കച്ചവടത്തിന് ഇടനിലക്കാരിയായ സ്ത്രീയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം വിഴിഞ്ഞം കേന്ദ്രീകരിച്ച് വൃക്ക കച്ചവടം വ്യാപകമാകുന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. വൃക്ക കച്ചവടത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച വാര്‍ത്തയടക്കം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വിഴിഞ്ഞം കേന്ദ്രീകരിച്ച് വൃക്ക കച്ചവടം നടക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്. വിഴിഞ്ഞം, കോട്ടപ്പുറം മേഖലയിലാണ് അവയവ മാഫിയ പിടിമുറുക്കിയിരിക്കുന്നത്. വൃക്ക നല്‍കുന്നതില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് കോട്ടപ്പുറം സ്വദേശി സുജയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദമേറ്റിരുന്നു. ഭിന്നശേഷിക്കാരായ മക്കള്‍ക്ക് കൂടി മര്‍ദനമേറ്റതോടെ സുജ പൊലീസില്‍ പരാതി നല്‍കി. ഇന്നലെയാണ് വിഴിഞ്ഞം പൊലീസ് സാജനെ അറസ്റ്റ് ചെയ്തത്. അവയവക്കച്ചവടത്തിന് ഇടനിലക്കാരിയായ സ്ത്രീയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.