നരബലി: കൂടുതൽ സ്ത്രീകളെ വലയിലാക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നതായി പൊലീസ്
|ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾക്കൊപ്പം കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും പൊലീസിന് ലഭിച്ചു.
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസ് തെളിവെടുപ്പിന് പിന്നാലെ അന്വേഷണസംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. പത്മത്തെയും റോസ്ലിനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾീാ് ചേർന്ന് രണ്ട് സ്ത്രീകളെ കൂടി വലയിലാക്കാൻ നീക്കം നടന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്ന മുറക്ക് പ്രതികളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾക്ക് വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നരബലി നടന്ന ഇലന്തൂരിലെ വീട്ടിലെ ഏഴ് മണിക്കൂർ നീണ്ട നിന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് ചില പ്രധാന വിവരങ്ങൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചത്. ഇതിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലക്കാരായ രണ്ട് സ്ത്രീകളെ പ്രതികൾ വലയിലാക്കാൻ ശ്രമിച്ചതിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. ആഭിചാര കർമ്മങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമായി വൻ പദ്ധതികളാണ് പ്രതികൾ ചേർന്ന് ആസൂത്രണം ചെയ്തത്. ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട ഇവർ ജില്ലയിലെ തന്നെ ആനപ്പാറ, പന്തളം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾക്കൊപ്പം കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും പൊലീസിന് ലഭിച്ചു. മനുഷ്യ മാസം പാചകം ചെയ്ത പ്രഷർ കുക്കർ, രക്തം ശേഖരിച്ച പാത്രം , മൃതദേഹ അവശിഷ്ടങ്ങൾ കത്തിക്കാൻ ശ്രമിച്ചതിന്റെ ഭാഗങ്ങൾ തുടങ്ങി 40ൽ അധികം തെളിവുകളാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. മനുഷ്യ മാസം പാചകം ചെയ്തു ഭക്ഷിക്കാൻ ശ്രമിച്ച പ്രതികൾ ഇവയിൽ ചിലത് പിന്നീട് കുഴിച്ച് മൂടിയെന്നും മൊഴി നൽകിയിട്ടുണ്ട്. ഇലന്തൂരിലെ വീട്ടിൽ നടന്ന തെളിവെടുപ്പിന് ശേഷം രാത്രിയോടെ പ്രതികളെ എറണാകുളത്ത് എത്തിച്ചു. ഇന്ന് വീണ്ടം തെളിവെടുപ്പ് തുടരുമെന്നും കൂടിയാലോചനകൾക്ക് ശേഷം മാത്രമേ പ്രതികളെ വീണ്ടും ഇലന്തൂരിലെത്തിക്കുന്നതിനെ പറ്റി ആലോചിക്കുകയുള്ളവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.