അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത്: കൊച്ചി സ്വദേശിക്കും പങ്കെന്ന് പ്രതി സാബിത്തിന്റെ മൊഴി
|കേസിൽ സാബിത്ത് മുഖ്യ സൂത്രധാരനാണെന്നാണ് പൊലീസ് നിഗമനം
കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൊച്ചി സ്വദേശിക്കും പങ്കെന്ന് പ്രതി സാബിത്ത് നാസറിന്റെ മൊഴി. കൊച്ചി സ്വദേശിയുമായി ചേർന്നാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഇയാൾക്കായും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കേസിൽ സാബിത്ത് മുഖ്യ സൂത്രധാരനാണെന്നാണ് പൊലീസ് നിഗമനം.
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്ന് ഐ ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്.
നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി നിര്‍ണായക മൊഴി നല്‍കിയത്. താന്‍ ഇടനിലക്കാരന് മാത്രമാണെന്നും മുഖ്യ കണ്ണികള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.