'ഞങ്ങളെ വേട്ടയാടുന്നു, പിന്നിൽ വ്യക്തമായ അജണ്ട': ഇ ബുൾ ജെറ്റ് സഹോദരന്മാർ
|പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര് പറഞ്ഞു
പൊലീസ് മന:പൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്. പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര് പറഞ്ഞു. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുതുരമായ ആരോപണങ്ങള്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര് ഉന്നയിക്കുന്നത്. ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് പിന്നിലെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര് പറയുന്നു.
പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും. നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായി. ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണ്- ഇ ബുള്‍ ജെറ്റ് സഹോദരന്മാര് പറയുന്നു.
കുടുക്കിയതിന് പിന്നിൽ വൻപ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതിൽ പിടിച്ചാണ് അവർ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലർ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമിൽ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തിൽ ഞങ്ങൾ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലർ ഞങ്ങൾക്ക് എതിരെ തിരിഞ്ഞത്. ഇപ്പോൾ ഞങ്ങളെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാര് പറയുന്നു.
ഇ ബുൾജെറ്റ് വ്ലോഗർമാർക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ് രംഗത്ത് എത്തിയിരുന്നു. മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസിൻറെ വാദം. പിന്നാലെയായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വിശദീകരണം.