നശ്വ നൗഷാദിന്റെ ആരോപണങ്ങൾ തള്ളി സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്ത ഹുസൈൻ
|14 വയസ് മാത്രമുള്ള നശ്വയെ കള്ളത്തരങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിർത്തിയിരിക്കുകയാണ് ആമീനയും കുടുംബവുമെന്നും ഹുസൈൻ ആരോപിച്ചു
തിരുവല്ല: തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുക്കൾ തട്ടിയെടുത്തെന്ന പ്രശസ്ത പാചകവിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ ഏകമകൾ നശ്വ നൗഷാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആരോപണങ്ങളെ തള്ളി കോടതിയുടെ അനുമതിയോടെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള ഹുസൈൻ രംഗത്തെത്തി. ഹുസൈന്റെ സഹോദരിയും മുത്തൂർ സ്വദേശിയുമായ ആമീനയ്ക്ക് ഒപ്പമാണ് നശ്വ ഇപ്പോൾ കഴിയുന്നത്. രക്ഷിതാവായ ഹുസൈന്റെ വീട്ടിൽ കഴിഞ്ഞിരുന്ന നശ്വയെ സൗഹൃദത്തിൽ കുറച്ചു ദിവസത്തേക്ക് ആമീനയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതാണ്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും നശ്വയെ തിരികെ വിട്ടില്ല. കുടുംബപ്രശ്നമെന്ന നിലയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടും പരിഹാരം ഉണ്ടായില്ല. നശ്വയെ വിട്ടുകിട്ടുന്നതിനായി രക്ഷിതാവെന്ന നിലയിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനപ്രകാരം തുടർകാര്യങ്ങൾ തീരുമാനിക്കും.14 വയസ് മാത്രമുള്ള നശ്വയെ കള്ളത്തരങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിർത്തിയിരിക്കുകയാണ് ആമീനയും കുടുംബവും. നൗഷാദിന്റെ മരണത്തിനുശേഷം മുടക്കമില്ലാതെ നടത്തിവരുന്ന കാറ്ററിംഗ് ബിസിനസ് സ്വന്തമാക്കാനാണ് ആമീനയും കുടുംബവും ശ്രമിക്കുന്നതെന്നും ഹുസൈൻ ആരോപിച്ചു.
നൗഷാദ് മരണപ്പെടുമ്പോൾ കുടുംബത്തിന് കോടികളുടെ ബാദ്ധ്യത ഉണ്ടായിരുന്നു. കടംകയറി വിട്ടുപോയ നൗഷാദിന്റെ വീട് തിരിച്ചെടുക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ആസമയത്ത് കുട്ടിയുടെ സംരക്ഷണവും ബാദ്ധ്യതകളും ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. ഇതിൽ കുറെ കടങ്ങൾ കൊടുത്തു തീർത്തു. ബാക്കിയുള്ളത് തീർക്കാനാണ് ശ്രമിച്ചുവരുന്നത്. ഇതിനിടയിലും നശ്വയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി അതിൽ പണം നിക്ഷേപിക്കുന്നുണ്ട്. നശ്വയുടെ ഭാവികാര്യങ്ങളെല്ലാം സുരക്ഷിതമാക്കാനും ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നശ്വയുടെ രക്ഷിതാവും മാതൃസഹോദരനും കൂടിയായ ഹുസൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നശ്വയുടെ മുത്തശ്ശി റഹിയാനത്ത്, മാതൃ സഹോദരി ജുബീന, ഇവരുടെ ഭർത്താവ് നസീം, അഡ്വ.ജസ്റ്റിന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അടുത്തടുത്ത ദിനങ്ങളിൽ മാതാപിതാക്കളെ നഷ്ടമായ നശ്വയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് അടുത്ത ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മാതാപിതാക്കളുടെ മരണശേഷം ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുന്ന തന്റെ എല്ലാ സ്വത്തുക്കളും ചില ബന്ധുക്കൾ സ്വന്തമാക്കി. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് മാതൃസഹോദരൻ ഹുസൈൻ സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുത്തത്. തന്റെ പിതാവിന്റെ സ്വത്തുക്കൾ കൈവശം വച്ച് മാതൃസഹോദരനും ബന്ധുക്കളും ലക്ഷങ്ങൾ സമ്പാദിക്കുകയാണ്. ബന്ധുക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നശ്വ തിരുവല്ല പൊലീസിൽ പരാതി നൽകി. കേസിൽ നിന്നു പിന്മാറുന്നതിന് തനിക്കെതിരെ ഭീഷണി നിലനിൽക്കുന്നതായും കേസിൽ കോടതി തീരുമാനം ഉണ്ടാകുന്നതുവരെ തന്റെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും നശ്വ പരാതിയിൽ ആവശ്യപ്പെടുന്നു. 2021 ഓഗസ്റ്റിലായിരുന്നു നൗഷാദിന്റെ മരണം. നൗഷാദിന്റെ മരണത്തിന് രണ്ടാഴ്ച മുൻപ് ഭാര്യ ഷീബയും രോഗബാധിതയായി വിടപറഞ്ഞിരുന്നു.