ചന്ദ്രിക പത്രത്തിൽ ഹൈദരലി തങ്ങളുടെ ഇടപെടൽ: മുഈനലി തങ്ങളെ പ്രതിനിധിയായി നിശ്ചയിച്ചു
|ചന്ദ്രിക നേരിടുന്ന പ്രതിസന്ധിയും സാമ്പത്തിക ഇടപാടിലെ സുതാര്യതയില്ലായ്മയും ബോധ്യപ്പെട്ട ഹൈദരലി തങ്ങള്‍ കാര്യങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ മുഈനലി തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.
മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ നടത്തിപ്പില്‍ കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടുമെണ്ടെന്ന പരാതി ശക്തമായതിന് പിറകേ പാർട്ടി അധ്യക്ഷൻ ഹൈദരലി തങ്ങൾ പത്ര നടത്തിപ്പിൽ നേരിട്ട് ഇടപെടുന്നു. ചന്ദ്രികയുടെ ഉടമസ്ഥരായ ദ മുസ്ലിം പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനിയുടെ ചെയര്‍മാനും എംഡിയുമായ ഹൈദരലി തങ്ങള്‍ പത്ര നടത്തിപ്പിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ തന്റെ പ്രതിനിധിയായി മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി.
ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുകയാണ്. കമ്പനി ചെയർമാൻ എന്ന നിലക്ക് അന്വേഷണം തന്നിലേക്കും എത്തുമെന്ന് ഹൈദരലി തങ്ങള്‍ക്ക് ബോധ്യമുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടാക്കുന്നത് കാര്യങ്ങളെ ഗുരുതരമാക്കുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. ചന്ദ്രിക നേരിടുന്ന പ്രതിസന്ധിയും സാമ്പത്തിക ഇടപാടിലെ സുതാര്യതയില്ലായ്മയും ബോധ്യപ്പെട്ട ഹൈദരലി തങ്ങള്‍ കാര്യങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ മുഈനലി തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.
ചന്ദ്രികയുടെയും പാര്‍ട്ടിയുടെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരത്തേ തന്നെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്. മുഈനലി തങ്ങളോട് ആദ്യ ഘട്ടത്തില്‍ സഹകരിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. ചെയര്‍മാന്റെ പ്രതിനിധിയാണെന്ന കത്ത് മുഈനലി തങ്ങള്‍ കാണിച്ചതോടെയാണ് കണക്കുകള്‍ നല്കാന് ഇദ്ദേഹം തയ്യാറായത്.ചന്ദ്രികയുടെ അക്കൗണ്ടിങ് സുതാര്യമാക്കാനും പത്രം നവീകരിക്കാനുമുള്ള ചർച്ചകൾ മുഈനലി തങ്ങൾ തുടങ്ങിക്കഴിഞ്ഞു
കണക്കുകളില്‍ കാര്യമായ ക്രമക്കേടുകള്‍ മുഈനലി തങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. ചന്ദ്രികയുടെ അക്കൗണ്ടിംഗ് സുതാര്യമാക്കാനും പത്രം നവീകരിക്കാനുമുള്ള ചര്‍ച്ചകള്‍ മുഈനലി തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തന്റെ സ്വതന്ത്രമായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനായ മുഈനലി തങ്ങൾ ബ്രിട്ടനിൽ എം.ബി.എ പൂർത്തിയാക്കിയ ആളാണ്.
സംഘടനക്ക് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ചന്ദ്രികക്ക് സാധിക്കുന്നില്ലെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. അതിനിടെയാണ് സാമ്പത്തിക ആരോപണങ്ങളും ഉയർന്നുവന്നത്. ചന്ദ്രികയുടെ പ്രചാരണ കാംപയിന് പോലും പഴയതു പോലെ വിജയിക്കുന്നില്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. സിഎച്ച് മുഹമ്മദ് കോയ അടക്കമുള്ള പ്രമുഖര്‍ നടത്തിയ ചന്ദ്രികയെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയിലുണ്ട്.
ചില നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പത്രത്തെ മറയാക്കുന്നുവെന്ന ആരോപണവുമുണ്ട്. പത്രത്തിന്റെ പേരിൽ നടന്ന ഒരു ഇടപാടിന്റെ പേരിൽ പാര്‍ട്ടി അധ്യക്ഷന്‍ അന്വേഷണം നേരിടേണ്ടി വരുന്ന സാഹചര്യം കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കും. ഇത് തിരിച്ചറിഞ്ഞാണ് കാര്യങ്ങളിൽ നേരിട്ട് ഇടപെടാനും വിവരങ്ങൾ ശേഖരിക്കാനും മുഈനലി തങ്ങളെ ഹൈദരലി തങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.