അർജുനെ ഗംഗാവലി പുഴക്ക് വിട്ടുനൽകാൻ ഉദ്ദേശിച്ചിട്ടില്ല, അമ്മക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കുകയാണ്; ലോറിയുടമ മനാഫ്
|അർജുൻ ലോറിയുടെ കാബിനുള്ളിൽ തന്നെയുണ്ടാകുമെന്ന് തുടക്കം മുതൽ പറഞ്ഞയാളാണ് മനാഫ്
ഷിരൂർ: അവൻ ലോറിയുടെ കാബിനുള്ളിൽ തന്നെയുണ്ടാകും. ഇതേ കാര്യം പലരോടും പലതവണ പറഞ്ഞിരുന്നു. അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിന്റെ വാക്കുകളാണിത്. അർജുനെ ഗംഗാവലി പുഴക്ക് വിട്ടുനൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തിരിച്ച് എത്തിക്കുമെന്നും അർജുന്റെ അമ്മക്ക് മനാഫ് നൽകിയ വാക്ക് ഒടുവിൽ പാലിക്കപ്പെടുകയാണ്.
ലോറിക്കുള്ളിൽ അർജുനുണ്ടെന്നും അവിടെനിന്ന് എവിടെയും പോകില്ലെന്നും എത്രയോ നാളുകളായി ഞാൻ പറഞ്ഞിരുന്നു. അപ്പോഴൊന്നും ആരും വിശ്വസിക്കാൻ തായാറായില്ല. ഇനിയെങ്കിലും നിങ്ങള് നോക്ക്. നമ്മുടെ ലോറിയാണത്. അർജുൻ അതിൽ തന്നെയുണ്ട്. അങ്ങനെ അവനെ ഗംഗാവലി പുഴയിൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല. അർജുനെ അവിടെ തിരിച്ച് എത്തിക്കുമെന്ന് അമ്മക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കുകയാണ്. ഒരു സാധാരണക്കാരനെക്കൊണ്ട് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ഞാൻ ചെയ്തു. എനിക്ക് തോൽക്കാനുള്ള മനസ്സില്ല. മനാഫ് പറഞ്ഞു.
മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം രണ്ട് മാസത്തിനു ശേഷമാണ് ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. പുഴയുടെ 12 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയ ലോറിയുടെ കാബിനുള്ളിലുണ്ടായിരുന്ന മൃതദേഹം അർജുന്റേതു തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. നേരത്തെ അർജുൻറെ സഹോരനിൽനിന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിരുന്നു. തിരച്ചിലിന്റെ മൂന്നാംഘട്ടത്തിലാണ് ലോറി കണ്ടെത്തിയത്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിലാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. ഐബോഡ് പരിശോധനയിൽ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്.
മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി ക്രെയിനിൽ ബന്ധിപ്പിച്ച് ലോറി മുകളിലേക്ക് ഉയർത്തുകയായിരുന്നു. നേരത്തെ മുങ്ങൽ വിദഗ്ധരും നേവിയും ഉൾപ്പെടെ തിരച്ചിലിന് എത്തിയിരുന്നെങ്കിലും ലോറി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലോറി കണ്ടെത്തിയതോടെ എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നിട്ടും ഏതെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനമെന്നും ജിതിൻ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 16നാണ് അർജുനെ കാണാതായത്. ബെലഗാവിയിലെ ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഗംഗാവലി പുഴയോരത്തുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കണാതാവുകയായിരുന്നു. തുടക്കത്തിൽ ദേശീയപാതയോട് ചേർന്ന ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്താനാകാതെ വന്നതോടെയാണ് ഗംഗാവലി നദി കേന്ദ്രീകരിച്ച് ദൗത്യം തുടങ്ങിയത്.