Kerala
എനിക്ക് ഭയമാണ്, ഇനി കലോത്സവത്തിന് ഭക്ഷണം പാകം ചെയ്യാൻ ഞാനില്ല- വിവാദങ്ങൾ വേദനിപ്പിച്ചെന്ന് പഴയിടം
Kerala

'എനിക്ക് ഭയമാണ്, ഇനി കലോത്സവത്തിന് ഭക്ഷണം പാകം ചെയ്യാൻ ഞാനില്ല'- വിവാദങ്ങൾ വേദനിപ്പിച്ചെന്ന് പഴയിടം

Web Desk
|
8 Jan 2023 5:03 AM GMT

'ഭയം പിടികൂടിയ ഒരു പാചകക്കാരന് നല്ല രീതിയിൽ പാചകം ചെയ്യൻ കഴിയില്ല'

കോഴിക്കോട്: സ്കൂള്‍ കലോത്സവങ്ങളില്‍ ഇനി മുതൽ ഭക്ഷണം പാകം ചെയ്യാൻ താനുണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി.16 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു. അതിനിടെ അനാവശ്യമായി ജാതീയതയുടെയും വർഗീയതയുടെയും വിത്തുകൾ വാരിയെറിഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കലോത്സവ വേദികളെ നിയന്ത്രിക്കുക എന്നത് ഭയമുള്ള കാര്യമാണെന്ന് പഴയിടം മീഡിയവണിനോട് പറഞ്ഞു.

'ഞാനൊരു പാചകക്കാരനാണ്. ഭയം പിടികൂടിയ ഒരു പാചകക്കാരന് നല്ല രീതിയിൽ പാചകം ചെയ്യൻ കഴിയില്ല. ഇത്രയും നാൾ ഞാൻ കൊണ്ടുനടന്ന ചില കാര്യങ്ങൾക്ക് വിപരീതമായ കാര്യങ്ങൾ പാചകപ്പുരയിൽ പോലും വീണുകഴിഞ്ഞു. ഇനിയെനിക്ക് നിയന്ത്രിക്കാൻ ഭയമുണ്ട്'- അദ്ദേഹം പറഞ്ഞു

സർക്കാറിന്റെ നിലപാടുകളോട് യാതൊരു എതിർപ്പുമില്ല. എന്ത് ഭക്ഷണം കഴിക്കണമെന്നത് അവരവരുടെ ഇഷ്ടമാണ്. അത് ആവശ്യമുള്ളവർക്ക് നൽകേണ്ടതുമാണ്. ഞാൻ നല്‍കീട്ടുമുണ്ട്. എന്നാൽ അതല്ല ഇവിടുത്തെ പ്രശ്‌നം. അനാവശ്യമായ വിവാദങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങീട്ടുണ്ട്. അതെല്ലാം എന്നെ ഭയപ്പെടുത്തുന്നു. ഞാൻ എപ്പോഴും വെജ് ബ്രാന്‍റ് പ്രോത്സാഹിപ്പിക്കുന്ന ആളാണ്. നോൺവെജിനോട് എനിക്ക് യാതൊരു വിരോധവുമില്ല. അത് പാചകം ചെയ്ത് നൽകിയിട്ടുമുണ്ട്. അതറിഞ്ഞിട്ടുകൂടി ഉണ്ടാക്കിയ വിവാദങ്ങൾ തന്നെ വേദനിപ്പിച്ചു എന്നും പഴയിടം കൂട്ടിച്ചേർത്തു.

സ്കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പാത്തതും സ്ഥിരമായി പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ പാചകക്കാരനാകുന്നതുമായിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ച. പഴയിടത്തിന്‍റെ ജാതി മൂലമാണ് ഈ പ്രിവിലേജ് ലഭിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ കലോത്സവത്തില്‍ വെജ് മാത്രം വിളമ്പുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേ സമയം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ നോൺവെജ് ഭക്ഷണമുൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്തവർഷം നോൺവെജ് വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി,ശിവൻകുട്ടി അറിയിച്ചിരുന്നു. സസ്യാഹാരവുമായി ബന്ധപ്പെട്ട് വാവാദങ്ങളുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം

Similar Posts