Kerala
Assault on T. J. Joseph,Professor TJ Joseph Hand Chopping Case,Special NIA court, Professor TJ Joseph,കൈവെട്ട് കേസ്,കൈവെട്ട് കേസില്‍ ശിക്ഷ വിധിച്ചു,ടി.ജെ ജോസഫ് , കൈവെട്ട് കേസിലെ ശിക്ഷ,
Kerala

പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും എന്നെ ബാധിക്കുന്ന കാര്യമല്ല: ടി.ജെ ജോസഫ്

Web Desk
|
13 July 2023 11:00 AM GMT

'' പ്രതികളെ ശിക്ഷക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദപ്രസ്ഥാനത്തിന് ശമനമുണ്ടാകുമോ എന്ന കാര്യത്തിൽ ഇവിടുത്തെ രാഷ്ട്രീയ, സാമൂഹിക നീരിക്ഷകർ വിശകലനം ചെയ്യട്ടെ''

ഇടുക്കി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ടി.ജെ ജോസഫ്. ശിക്ഷ കൂടിയോ കുറഞ്ഞതോ എന്ന് ചർച്ച ചെയ്യേണ്ടത് നിയമവിദഗ്ദരാണെന്ന് ടി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 'പ്രതികൾക്ക് ശിക്ഷ കൂടിയോ കുറഞ്ഞോ എന്നതൊന്നും എന്നെ ബാധിക്കുന്നില്ല. സാക്ഷി പറയുക എന്നതായിരുന്നു ഈ കേസിൽ എനിക്കുണ്ടായിരുന്ന ഉത്തരാവാദിത്തം. ആ ജോലി ഒരു പൗരനെന്ന നിലയിൽ ചെയ്തു തീർത്തു'..അദ്ദേഹം പറഞ്ഞു.

'വിധിയെക്കുറിച്ച് എന്റെ കൗതുകം ശമിച്ചു.അതല്ലാതെ മറ്റൊരു വികാരമുമില്ല. കേസിൽ പ്രതികളെ ശിക്ഷക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദപ്രസ്ഥാനത്തിന് ഒരു ശമനമുണ്ടാകുമോ എന്ന കാര്യത്തിൽ ഇവിടുത്തെ രാഷ്ട്രീയ സാമൂഹിക നീരിക്ഷകർ വിശകലനം ചെയ്യട്ടെ'.അതിൽ കൂടുതലൊന്നും പറയുന്നില്ലെന്നും ടി.ജെ ജോസഫ് പറഞ്ഞു.

'മുഖ്യപ്രതിയെ ഇപ്പോഴും പിടികൂടാനാകാത്തത് അന്വേഷണസംഘത്തിന്റെ പിഴവാകാം. അല്ലെങ്കിൽ പ്രതിയോ, പ്രതിയെ സംരക്ഷിക്കുന്നവരോ അതിസമർഥനായത് കൊണ്ടാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടയാളാണ്. അതിന്റെ പേരിൽ ഞാൻ അനുഭവിക്കാനുള്ള വേദനകൾ അനുഭവിച്ചു കഴിഞ്ഞു. അതിന്റെ പേരിൽ ആരെയും മറ്റ് രീതിയിൽ കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ഭൂമിയിൽ എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ മാറി ആധുനികമായ ലോകം ഉണ്ടാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്'. ടി.ജെ ജോസഫ് പറഞ്ഞു.

കൈവെട്ട് കേസില്‍ രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്ക് ജീവപര്യന്തം തടവും ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി, മൊയ്തീൻ,പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവർക്ക് മൂന്ന് വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. പ്രതികൾ അധ്യാപകന് നാല് ലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.



Related Tags :
Similar Posts