Kerala
എന്‍റേത് ബ്രാഹ്മണ കുടുംബമാണ്, കേസ് വന്നതോടെ പുറത്തിറങ്ങാന്‍ പറ്റാതായി; ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മീശക്കാരന്‍ വിനീത്
Kerala

'എന്‍റേത് ബ്രാഹ്മണ കുടുംബമാണ്, കേസ് വന്നതോടെ പുറത്തിറങ്ങാന്‍ പറ്റാതായി'; ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മീശക്കാരന്‍ വിനീത്

ijas
|
30 Oct 2022 3:32 PM GMT

"കോടതിയുടെ വലയത്തിലാണ് ഞാന്‍ നില്‍ക്കുന്നത്, എന്തായാലും കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ സത്യാവസ്ഥ നിങ്ങള്‍ക്ക് അറിയാനാവും"

തന്‍റേത് ബ്രാഹ്മണ കുടുംബമാണെന്നും കേസ് വന്നതോടെ പുറത്തിറങ്ങാന്‍ പറ്റാതായതായും ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്. ഇക്കഴിഞ്ഞ പതിമൂന്നാം തിയതിയാണ് വിനീത് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയ ബൈന്‍സില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോ പഴയതാണെന്നും വിനീത് പറഞ്ഞു. 'അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ പുറത്തുണ്ടോ' എന്ന കുറിപ്പോടെയാണ് വിനീത് സ്റ്റോറി പങ്കുവെച്ചിരുന്നത്. ഇത് വിവാദമായതോടെ വലിയ ട്രോളുകളാണ് വിനിതിനെതിരെ വന്നത്. നടനാകണമെന്ന ആഗ്രഹത്തിൽ ആണ് ടിക് ടോക്ക് ചെയ്തതെന്നും ആളുകൾ വളരാൻ അനുവദിക്കില്ലെന്നും വിനീത് വിഡിയോയിൽ പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എ.സി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിനീതിന്‍റെ പേരില്‍ മോഷണക്കേസില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിനീത് വീഡിയോ അഭിമുഖത്തില്‍ നിഷേധിക്കുന്നുണ്ട്. വണ്ടി പണയമെടുത്ത കേസില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രമാണ് കേസുള്ളതെന്നാണ് വിനീത് പറയുന്നത്.

വിനീതിന്‍റെ വാക്കുകള്‍:

എന്‍റെ അറിവില്‍, ഞാന്‍ സ്നേഹിച്ചിരുന്ന എന്നെ അടിച്ചമര്‍ത്തിയ കേസെന്താണോ, അതിനോടനുബന്ധിച്ചുള്ള കേസില്‍ വന്ന കാര്യം തന്നെയാണിത്. കേസ് ഇതുവരെ പുറത്തുവന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വിവാദമായി നില്‍ക്കുന്ന ഒരാളായിരുന്നു ഞാന്‍. ടിക് ടോക്കില്‍ റീല്‍സ് ഒക്കെ ചെയ്യുന്ന ഒരു ടിക് ടോക്കറായിരുന്നു. മറ്റുള്ളവരെ പോലെ ഒരു സാധാരണക്കാരനായിരുന്നു. എന്നെ ഒരുപാട് രീതിയില്‍ അടിച്ചമര്‍ത്തി. ഒരുപാട് ട്രോളുകള്‍ വന്നു. എങ്ങനെയെങ്കിലും എന്നെ അടിച്ചമര്‍ത്തി താഴ്ത്തിക്കെട്ടണം എന്നിലൂടെ വളര്‍ന്നുവരണം എന്നുദ്ദേശിച്ചവരെ മാത്രമാണ് അതിലൂടെ(ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ) പറഞ്ഞിട്ടുള്ളത്. എന്‍റെ പേരില്‍ കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ ഒരു കേസ് വന്നിരുന്നു. വണ്ടി പണയമെടുത്ത ഒരു കേസില്‍, അതില്‍ വാദി എന്ന പേരിലാണ് കേസ്, അത് കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലാണ്. ഇതല്ലാതെ ഇതുവരെയും ഒരു കേസുമില്ല. ഇതുവരെയും എന്‍റെ ജീവിതത്തില്‍ അങ്ങോട്ട് മോശമായി മെസേജ് അയച്ചോ സാമ്പത്തികമായി ഒരു സഹായം ചോദിച്ചോ ഒന്നുമില്ല.

എന്നെ സംബന്ധിച്ച് ഒരുപാട് പേര് ട്രോള് ഇറക്കിയിട്ടുണ്ട്. "പല പല കേസുകളില്‍പ്പെട്ട വിനീത് ഒഫിഷ്യല്‍ അവന്‍റെ തിരിച്ചുവരവ്", എന്ന് പറഞ്ഞുകൊണ്ട്. ഇതുവരെയും ഒരു കേസ് നിലവിലില്ല. പതിമൂന്നാം തിയതിയാണ് ഞാന്‍ പുറത്തിറങ്ങിയത്. പെണ്ണ് കേസ് എന്ന് പറയാന്‍....അത്രക്ക് ഒരു സ്വഭാവം കാണിക്കേണ്ട കാര്യം എനിക്കില്ല. എനിക്ക് വീട്ടില്‍ ഒരു ചേച്ചിയുണ്ട്, ചേട്ടനുണ്ട്, കുടുംബമുണ്ട്, കുടുംബം ഒരു ബ്രാഹ്മണ കുടുംബമാണ്. ഞാനൊരു അടിച്ചമര്‍ത്തപ്പെട്ട രീതിയിലാണ് ഇപ്പോള്‍. എങ്ങും ഇറങ്ങാന്‍ പറ്റാതെ എല്ലാ ട്രോളുകള്‍ക്കും വിധേയനായി, പുറത്തിറങ്ങിയാല്‍ എന്‍റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും പറ്റുന്നില്ല. കോടതിയുടെ വലയത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്തായാലും കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ സത്യാവസ്ഥ നിങ്ങള്‍ക്ക് അറിയാനാവും.

വിനീതിന് ഒരിക്കലും പീഡിപ്പിക്കേണ്ട കാര്യമില്ല. സൗഹൃദത്തിനിടെയുണ്ടായ ഒരു പ്രശ്നം ഇത്രയും വരെ വളര്‍ത്തി. ഇതിനെ തുടര്‍ന്നും വിനീത് വിജയന്‍ വിവാഹിതനായി എന്നൊരു വാര്‍ത്ത നിങ്ങളില്‍ എത്തിപ്പെടും. അല്ലാതെ പീഡിപ്പിച്ചിട്ടില്ല എന്നേ എനിക്ക് പറയാന്‍ പറ്റൂ.

Similar Posts