മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല: എം.വി ഗോവിന്ദൻ
|- 'എസ്.എഫ്.ഐ പ്രവർത്തകനെതിരെ ഗൂഢാലോചന നടത്തിയതിനാണ് എഫ്.ഐ.ആര്‍ എടുത്തത്. തിരക്കഥ തയാറാക്കി എന്നതാണ് പരാതി'
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുക്കും എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'കുറ്റം ചെയ്തവർക്കെതിരെ കേസ് എടുക്കണം എന്നാണ് പറഞ്ഞത്. റിപ്പോർട്ട് ചെയ്യാം എന്നാൽ റിപ്പോർട്ട് ഉണ്ടാക്കിയാല്ലോ റിപ്പോർട്ട് ചെയ്യേണ്ടത്. എസ്.എഫ്.ഐ പ്രവർത്തകനെതിരെ ഗൂഢാലോചന നടത്തിയതിനാണ് എഫ്.ഐ.ആര്‍ എടുത്തത്. തിരക്കഥ തയാറാക്കി എന്നതാണ് പരാതി. ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. മാധ്യമ പ്രവർത്തകർ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ഗൂഢാലോചന നടത്തിയതിനാണ് കേസെടുത്തത്. സർക്കാരിനെയോ എസ്.എഫ്.ഐയോ വിമർശിച്ചതിന്റെ പേരിൽ കേസ് എടുക്കുന്നില്ല.: പോക്‌സോ കേസിലും മൊഴി എടുക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞത് മാധ്യമ വാർത്തയാണ്. അല്ലാതെ ഞാൻ പറഞ്ഞതല്ല'. എം.വി ഗോവിന്ദൻ പറഞ്ഞു.
മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെയും എം.വി ഗോവിന്ദൻ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. മോൻസൺ തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് കുട്ടി തന്നെ പറഞ്ഞുവെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമവാർത്തയേയും ക്രൈംബ്രാഞ്ചിനേയും ഉദ്ധരിച്ചാണ് താൻ പറയുന്നത്. കള്ളക്കേസുകൾ എടുക്കണമെന്ന നിലപാട് പാർട്ടിക്കില്ല. പ്രതിയാക്കപ്പെടുന്നവർ നിയമത്തിന് മുന്നിൽ വരട്ടേയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.