കഴിവുള്ളതിനാലാണ് ജോലി കിട്ടിയത്, ഉപദ്രവിക്കരുത്: സ്വപ്ന സുരേഷ്
|'സ്ഥാപനത്തിന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല. എന്റെ നിയമനത്തെ എന്തിനാണ് രാഷ്ട്രീയമായി കാണുന്നത്. വരുമാനം ഉണ്ടെങ്കിലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ. നിങ്ങൾക്ക് എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ. അല്ലാതെ ദ്രോഹിക്കരുത്. ജീവിക്കാൻ അനുവദിക്കണം'
കഴിവുള്ളതിനാലാണ് എച്ച്ആർഡിഎസിൽ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്ന സുരേഷ്. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാൽ വെള്ളിയാഴ്ച മുതൽ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്ന പറഞ്ഞു.
'പലനിലക്കും ജോലിക്കായി ശ്രമിച്ചെങ്കിലും പലർക്കും പേടിയായിരുന്നു. യോഗ്യതയുള്ളതിനൊപ്പം പ്രതിസന്ധികൾ തരണം ചെയ്യാൻ ലഭിച്ച സഹായം കൂടിയാണ് ജോലി. സുഹൃത്തായ അനിൽ മുഖേനയാണ് ജോലി ലഭിച്ചത്. ഫോൺ വഴി രണ്ടുവട്ടം അഭിമുഖം നടത്തിയാണ് ജോലി കിട്ടിയത്. സ്ഥാപനത്തിന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല. എന്റെ നിയമനത്തെ എന്തിനാണ് രാഷ്ട്രീയമായി കാണുന്നത്. വരുമാനം ഉണ്ടെങ്കിലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ. നിങ്ങൾക്ക് എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ. അല്ലാതെ ദ്രോഹിക്കരുത്. ജീവിക്കാൻ അനുവദിക്കണം' സ്വപ്ന സുരേഷ് പറഞ്ഞു.
താനൊരു സ്ത്രീയും ദുഃഖിക്കുന്ന അമ്മയും താലി പൊട്ടിയ ഭാര്യയുമാണെന്നും അതിനാൽ സ്ഥാപനത്തിലെ സ്ത്രീ ശാക്തീകരണ വിഭാഗം ഡയക്ടറായി പ്രവർത്തിക്കാനാകുമെന്നും സ്വപ്ന പറഞ്ഞു. താൻ ജോലി സ്ഥലത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ അത്തരം പ്രശ്നമുള്ളവരെ സഹായിക്കാനാകുമെന്നും സ്വപ്ന പറഞ്ഞു. തനിക്കെതിരെയുള്ള കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കേസിലുൾപ്പെട്ടവർ പലയിടത്തും ജോലി ചെയ്യുന്നുണ്ടെന്നും എന്ത് കൊണ്ട് എനിക്ക് മാത്രം അതുപറ്റില്ലെന്നും സ്വപ്ന ചോദിച്ചു.
സ്വപ്ന സുരേഷിന് ജോലി നല്കിയ എച്ച്.ആര്.ഡി.എസ് എന്ന എന്‍.ജി.ഒ ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്പ്പ്മെന്റ് സൊസൈറ്റി. ഗുരു ആത്മനമ്പി(ആത്മജി)യാണ് എച്ച്.ആര്.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്. എന്‍.ജി.ഒയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ.ജി വേണുഗോപാല്‍ ആര്.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് എച്ച്.ആര്.ഡി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംഘപരിവാര്‍ പ്രവര്‍ത്തനവും പഠനവും ഒരുമിച്ചു കൊണ്ടുപോയിരുന്ന വ്യക്തിയാണ് വേണുഗോപാല്‍ എന്നാണെന്നാണ് വെബ്സൈറ്റിലെ പ്രൊഫൈല്‍ ചൂണ്ടിക്കാട്ടുന്നത്. എ.ബി.വി.പി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന വേണുഗോപാല്‍ അടിയന്തരാവസ്ഥ കാലത്ത് സംഘടന വളര്‍ത്തുന്നതില്‍ സജീവമായിരുന്നു.
എച്ച്.ആര്.ഡി.എസിന്റെ സ്ഥാപകനും സെക്രട്ടറിയുമായ അജി കൃഷ്ണന്റെ സഹോദരനായിരുന്നു ഇടുക്കി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബിജു കൃഷ്ണന്. എച്ച്.ആര്.ഡി.എസിന്റെ പ്രോജക്ട് ഡയക്ടറാണ് ബിജു കൃഷ്ണന്. ബിജു കൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററും ബി.ജെ.പിയുടെ ഔദ്യോഗിക പേജിലെ പോസ്റ്ററും എച്ച്.ആര്.ഡി.എസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന് പിള്ളയടക്കമുള്ളവര്‍ എച്ച്.ആര്.ഡി.എസുമായി സജീവ സഹകരണത്തിലുള്ളവരാണ്.
വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളിലാണ് എച്ച്.ആര്.ഡി.എസ് പ്രവർത്തിക്കുന്നത്. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലാണ് ഇവരുടെ പ്രവർത്തനം. പാവപ്പെട്ടവരും ദരിദ്രരുമായ ആദിവാസികളുടെ ഭൂമി കൈക്കലാക്കിയതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന എന്‍.ജി.ഒയാണ് സ്വപ്ന സുരേഷിന് ജോലി നേടികൊടുത്ത എച്ച്.ആര്.ഡി.എസ്. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ അനുമതിയില്ലാതെ ഭവനനിര്‍മാണം, മരുന്ന് പരീക്ഷണം അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ എച്ച്.ആര്.ഡി.എസിനെതിരെ പരാതികളും അന്വേഷണങ്ങളുമുണ്ടായിരുന്നു.
എച്ച്.ആര്.ഡി.എസിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്ന സുരേഷിനെ നിയമിച്ചിരിക്കുന്നത്. എൻ.ജി.ഒ യ്ക്കു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് സ്വപ്നയ്ക്കുള്ളത്. സ്വപ്ന സുരേഷ് ചുമതലയേറ്റെടുത്ത കാര്യം കഴിഞ്ഞ ദിവസം എന്‍.ജി.ഒയിലെ അംഗങ്ങളെ അറിയിച്ചിരുന്നു. എച്ച്.ആര്.ഡി.എസിന്റെ വെബ്സൈറ്റിലും സ്വപ്നയുടെ നിയമനം പരസ്യമാക്കിയിട്ടുണ്ട്. പാലക്കാട്ടെ ഓഫീസിൽ വെച്ച് നാളെ ചുമതലയേൽക്കാനാണ് സ്വപ്നക്ക് കിട്ടിയ നിര്‍ദേശം. എന്നാൽ ഇ.ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് ആര്.എസ്.എസ് അനുകൂല സംഘടനയില്‍ ജോലി ലഭിച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം, സ്വപ്ന സുരേഷിന്റെ നിയമനം തന്റെ അറിവോടെ അല്ലെന്ന് എച്ച്.ആർ.ഡി.എസ് മുൻ പ്രസിഡന്റ് എസ് കൃഷ്ണകുമാർ പറഞ്ഞു. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതും അനധികൃത നിയമനങ്ങൾ നടത്തിയതും സെക്രട്ടറിയായ അജി കൃഷ്ണനും കൂട്ടാളികളും ചേർന്നാണ്. എൻഡിഎ സ്ഥാനാർഥിയായി സഹോദരൻ മത്സരിച്ചപ്പോൾ എച്ച്.ആർ.ഡി.എസിന്റെ വാഹനങ്ങൾ ഉൾപ്പടെ അജി കൃഷ്ണൻ പ്രചരണത്തിനായി ഉപയോഗിച്ചെന്നും കൃഷ്ണകുമാർ ആരോപിച്ചു. ആർ.എസ്.എസ് നേതാവായ കെ.ജി വേണുഗോപാലിനെ സ്ഥാപനത്തിൽ വൈസ് ചെയർമാൻ ആക്കിയത് തന്റെ അറിവോടെ അല്ലെന്നും സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Swapna Suresh said that he got the job in HRDS because he was talented and did not know about the controversy related to the appointment.