Kerala
CM Pinarayi Vijayan
Kerala

'ഏതെങ്കിലും ജില്ലയെയോ മതവിഭാ​ഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല'; മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി

Web Desk
|
1 Oct 2024 1:08 PM GMT

'ദ ഹിന്ദു'വിൽ വന്നത് താൻ പറയാത്ത കാര്യങ്ങൾ'

തിരുവനന്തപുരം: 'ദ ഹിന്ദു'വിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ദ ഹിന്ദു'വിൽ വന്നത് താൻ പറയാത്ത കാര്യങ്ങളാണെെന്നും പത്രം വീഴ്ച സമ്മതിച്ചെന്നും' മുഖ്യമന്ത്രി പറഞ്ഞു. 'ഏതെങ്കിലും ഒരു ജില്ലയെയോ, മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവേ​ദിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ എഴുതിനൽകിയതായി 'ദ ഹിന്ദു' ആരോപിച്ച പിആർ ഏജൻസിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

'കോഴിക്കോട് വിമാനത്താവളം എന്നാണ് പേര് എങ്കിലും, കരിപ്പൂർ മലപ്പുറത്താണല്ലോ സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള കേസ് മലപ്പുറം ജില്ലയുടെ പരിധിയിൽ ആണ് രേഖപ്പെടുത്തുക. അതാണ് പത്രസമ്മേളനത്തിൽ പറഞ്ഞത്. 2020 മുതൽ സ്വർണക്കടത്തിൽ ആകെ പിടിക്കപ്പെട്ടത് 147.79 കിലോ സ്വർണമാണ്. ഇതിൽ 124 കിലോ കരിപ്പൂർ വിമാനത്താവളവും ആയി ബന്ധപ്പെട്ട് പിടിക്കപ്പെട്ടതാണ്.'- മുഖ്യമന്ത്രി പറഞ്ഞു.

'ആകെ 122 കോടി രൂപയുടെ ഹവാല പണം സംസ്ഥാനത്ത് പിടികൂടി. ഇതിൽ 87 കോടി രൂപ മലപ്പുറം ജില്ലയിൽ നിന്നുള്ളതാണ്. തെറ്റായ ചില ചിത്രീകരണം ഇതുമായി ബന്ധപ്പെട്ട് വന്നു. അതിലെ വസ്തുത പറയാനാണ് കഴിഞ്ഞ പത്ര സമ്മേളനത്തിൽ കൂടുതൽ സമയം എടുക്കേണ്ടി വന്നത്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നു.'- മുഖ്യമന്ത്രി പറഞ്ഞു. സ്വർണ കള്ളക്കടത്ത്, ഹവാല ഇടപാട് എന്നിവരെ പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നത്. ഇത് മനസ്സിലാകാത്ത കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'സ്വർണം കടത്തുന്നതും ഹവാല പണം കൊണ്ടുപോകുന്നതും രാജ്യസ്നേഹപരമായ നടപടിയാണ്, അതിനുനേരെ പൊലീസ് കണ്ണടക്കണമെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ. പൊലിസിൽ നിക്ഷിപ്തമായ നടപടി ആണ് അവർ സ്വീകരിക്കുന്നത്. അത് സ്വഭാവികമായും തുടരും. എന്തോ പ്രത്യേക ഉദ്ദേശ്യത്തോടെ സംവിധാങ്ങളെ തകിടം മറിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് ആർക്ക് വേണ്ടിയാണ്, എന്താണ്, ആരാണ് പിറകിൽ എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയും. അത് വലിയ പ്രയാസം ഉള്ള കാര്യം അല്ല.

സിപിഎമ്മിന് അതിൻ്റേതായ സംഘടനാ‌രീതി ഉണ്ട്. അതിൽ ഒതുങ്ങി നിന്നാണ് സിപിഎം പ്രവർത്തിക്കുന്നത്. വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞാൽ, ആക്ഷേപിച്ചാൽ അതിൻ്റെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കുന്ന പാർട്ടി അല്ല സിപിഎം.

കൃത്യമായ വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് നമ്മുടെ നാട്ടിലെ ജനങ്ങൾ അംഗീകരിക്കില്ല. ഏത് കൂട്ടരേ കൂടെ കൂട്ടാം എന്നാണോ കരുതുന്നത് അവർ തന്നെ തള്ളി പറയും. അതാണ് നമ്മുടെ നാട്. മലപ്പുറത്തെ മതനിരപേക്ഷമനസ് എല്ലാവർക്കും കൃത്യമായി അറിയാവുന്നതാണ്.'- മുഖ്യമന്ത്രി പറഞ്ഞു.

'തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ഗൗരവമായി കാണേണ്ടതാണ്. എന്നാൽ ചില യാഥാർഥ്യങ്ങൾ കാണണം, കോൺഗ്രസ്സിൻ്റെ വോട്ടിൽ കുറവ് വന്നു. എൽഡിഎഫ് ജയിച്ചില്ലെങ്കിലും വോട്ട് വർധിച്ചു. ബിജെപി ഒരു ലക്ഷം വോട്ട് വർധനവ് ഉണ്ടാക്കി. കോൺഗ്രസിന് കുറഞ്ഞ വോട്ട് എന്താണ് കാണാത്തത്. അതല്ലേ ഗൗരവമായ പ്രശ്നമെന്നും' മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തിൽ ഖേദപ്രകടനവുമായി 'ദ ഹിന്ദു' പത്രം രം​ഗത്തെത്തിയിരുന്നു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും 'ദ ഹിന്ദു' പറയുന്നു.

Similar Posts