സർക്കാറിനെ വിശ്വസിക്കുന്നു, എന്റെ ആശങ്കകളാണ് മുഖ്യമന്ത്രിയോട് പങ്കുവെച്ചത്: അതിജീവിത
|സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങൾ കൃത്യമായി ധരിപ്പിക്കാൻ സാധിച്ചതായും നടി
സർക്കാറിനെ വിശ്വസിക്കുകയാണെന്നും തന്റെ ആശങ്കകളാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി പങ്കുവെച്ചതെന്നും അതിജീവിത. 3 പേജുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതായും നടി അറിയിച്ചു. മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റിൽ കൂടിക്കാഴച നടത്തി ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് നടിയുടെ പ്രതികരണം.
ഡബ്ബിംഗ് ആർടിസ്റ്റായ ഭാഗ്യ ലക്ഷ്മിക്കൊപ്പമാണ് നടി മുഖ്യമന്ത്രിയെ കാണാനെത്തിയത്. സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങൾ കൃത്യമായി ധരിപ്പിക്കാൻ സാധിച്ചതായും അതിജീവിത പ്രതികരിച്ചു. സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രിമാരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം അതിജീവിതയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി ഡിജിപി അനിൽ കാന്തിനെ വിളിച്ചുവരുത്തി.
അതിജീവത കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നു. അത് തന്നെ ദുഃഖിപ്പിച്ചുവെന്നാണ് നടി വ്യക്തമാക്കിയത്. അതുകൊണ്ടാണ് തന്റെ ആശങ്കകൾ നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാനെത്തിയത്. എംഎം മണി അടക്കമുള്ള നേതാക്കളുടെ പരാമർശങ്ങൾ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഔദ്യോഗികമായി തന്റെ പിന്തുണ അറിയിച്ചിരുന്നു. സർക്കാർ അതിജീവിതയ്ക്കൊപ്പമുണ്ടെന്ന പരാമർശമായിരുന്നു അദ്ദേഹം നടത്തിയത്. നടിയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണം തന്നെയാണ് നടന്നിട്ടുള്ളത്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് ഇപ്പോൾ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കേണ്ടി വരുന്നതെന്നും നടി ഇപ്പോൾ ആരോപിക്കുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്നും ഡിജിപി വിശദീകരണം നൽകി.