'മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പച്ചക്കള്ളം, രാത്രി ഏഴുമണിക്ക് ശേഷം ക്ലിഫ് ഹൗസിൽ പോയിട്ടുണ്ട്'; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്
|തനിച്ചും കോൺസുൽ ജനറലിനൊപ്പവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും സ്വപ്ന
കൊച്ചി: രാത്രി ഏഴു മണിക്ക് ശേഷം താൻ തനിച്ചും യു.എ.ഇ കോൺസുൽ ജനറലിനൊപ്പവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇക്കാര്യം വ്യക്തമാകുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറയുന്നത് പച്ചക്കള്ളമാണെന്നും ധാർമികതക്ക് നിരക്കാത്തതാണെന്നും സ്വപ്‌ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സെക്യൂരിറ്റി ചെക്കുമില്ലാതെ താൻ ക്ലിഫ് ഹൗസിലെത്തിയതിന് 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും അവർ വ്യക്തമാക്കി.
എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യിൽ തെളിവുണ്ടെന്നും അവർ പറഞ്ഞു. ശിവശങ്കറുമായുള്ള എന്റെ ബന്ധത്തിലൂടെയാണ് മുഖ്യമന്ത്രിയും കോൺസുൽ ജനറലും തമ്മിലുള്ള രഹസ്യ യോഗങ്ങൾ ഏഴു മണിക്ക് ശേഷം ഏർപ്പാട് ചെയ്തതെന്നും ഇതിന് താനും അവരുടെ കൂടെ പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണസുൽ ജനറൽ ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതിനാൽ ക്ലിഫ്ഹൗസിലെ യോഗങ്ങൾ അനധികൃതമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
സ്പ്രിംഗ്ലർ കേസിൽ ശിവശങ്കർ ബലിയാടായെന്നും അതെങ്ങനെയോ തലയൂരി പോയപ്പോൾ പിന്നീട് താൻ ബലിയാടായെന്നും സ്വപ്‌ന പറഞ്ഞു. ഷാർജയിൽ ഐ.ടി ഹബ്ബ് സ്ഥാപിക്കാനായി ഷെയ്ഖിന് കൈക്കൂലി നൽകിയെന്നല്ല, വാഗ്ദാനം ചെയ്തുവെന്നാണ് താൻ പറഞ്ഞതെന്നും അവരതൊന്നും സ്വീകരിക്കില്ലെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.
''സ്പ്രിംഗ്ളര്‍ കരാറിന്റെ മാസ്റ്റർ ബ്രയിൻ വീണാ വിജയൻ''
സ്പ്രിംഗ്ളര്‍ കരാറിന്റെ മാസ്റ്റർ ബ്രയിൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനാണെന്നും സ്വപ്‌ന ആരോപിച്ചു. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജികിന് ഇതിൽ പങ്കുണ്ടെന്നും അവർ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
'ഹ്യൂമൺ ഡാറ്റാ ബേസ് വിൽപ്പന (സ്പ്രിംഗ്‌ളറിൽ) നടന്നിട്ടുണ്ട്. അന്ന് ഞാൻ ജോലി ചെയ്യുന്നത് കേരള ഗവൺമെന്റിന്റെ സ്‌പേസ് പാർക്ക് പ്രോജക്ടിലാണ്. വീണ വിജയൻ, സ്പ്രിംഗ്‌ളറിന്റെ മാസ്റ്റർ ബ്രയിൻ, അവരാണ് അതിനു പിന്നിലുള്ള ഒരാൾ. ശിവശങ്കർ സർ അന്നെന്നെ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സമയമാണ്. തന്നെ ബലിയാടാക്കുകയാണ്, ഒരുപക്ഷേ അറസ്റ്റുണ്ടാകാം, അല്ലെങ്കിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ സിഎമ്മും സിഎമ്മിന്റെ മകളും എറിഞ്ഞു കൊടുക്കുകയാണ് എന്ന് ശിവശങ്കർ എന്നോട് വേദനയോടെ പറഞ്ഞതാണ്.' - അവർ കൂട്ടിച്ചേർത്തു.
'പിഡബ്യൂസിയിൽ (പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്) വീണ വിജയന്റെ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. എക്‌സാലോജികിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. അതെന്റെ കൈയിലുമുണ്ട്. ഞാൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഒരിടത്തും ഷാർജ ശൈഖിന് കൈക്കൂലി നൽകിയതായി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി, ഭാര്യ കമല, വീണ വിജയൻ, നളിനി നെറ്റോ, ശിവശങ്കർ എന്നിവർ ഒരു വാഗ്ദാനം നൽകുകയായിരുന്നു. ഇവര് കണ്ടതിനേക്കാൾ അപ്പുറം ഷാർജ ശൈഖ് കണ്ടിട്ടുണ്ട്. ഇതൊന്നും അവർ സ്വീകരിക്കത്തില്ല.' - സ്വപ്‌ന പറഞ്ഞു.
ക്ലിഫ് ഹൗസിലെ യോഗത്തിന് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. 'എംഎ യൂസഫലി സാറിന്റെ ആളുകൾ എംഇഎയുടെ അനുമതിയില്ല എന്ന് പറഞ്ഞ് ലീലാ ഹോട്ടലിൽ വെച്ച് പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ശിവശങ്കറിന്റെ നിർദേശ പ്രകാരം എഡിജിപി മനോജ് അബ്രഹാമിനോട് പറഞ്ഞിട്ട് പൈലറ്റ് എസ്‌കോർട്ട് വെഹികിളിനെ റീ റൂട്ട് ചെയ്തവളാണ് ഞാൻ. അവരുടെ ആവശ്യപ്രകാരം ഞാൻ തന്നെയാണ് അതു ചെയ്തത്. ആ യോഗത്തിന് വേണ്ടി അന്നത്തെ ക്ലിഫ്ഹൗസിന്റെ ഫർണിച്ചറും പെയിന്റിങ്ങുമെല്ലാം മാറ്റി മുഴുവൻ റെഡി ആക്കി. ഷാർജ ശൈഖിന് മുഖ്യമന്ത്രിയും കമലയും വീണ വിജയനും സമ്മാനം കൊടുക്കുന്നതിന്റെ വീഡിയോ എന്റെ പക്കലുണ്ട്.' - സ്വപ്‌ന കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് കേസിൽ ഇടനിലക്കാർ കെട്ടുകഥ മാത്രമാണെന്ന് മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസിൽ ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സ്വപ്നയ്ക്ക് എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നത് സംഘ്പരിവാർ ബന്ധമുള്ള ഒരു സ്ഥാപനമാണ്. ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന രീതിയാണുള്ളതെന്നും മൊഴിക്കു പിന്നിൽ സംഘ്പരിവാർ ബന്ധമുണ്ടെന്നും നിയമസഭയിൽ മുഖ്യമന്ത്രി ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രമേയം സഭ തള്ളി.
സോളാർ വീണ്ടും ഉയർത്തുന്നത് എന്താണ് എന്നറിയില്ല. സോളാറിൽ ഉമ്മൻ ചാണ്ടി കമ്മീഷനെ നിയോഗിച്ചു. അവരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതിന്റെ നിയമനടപടികൾ ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോഴാണ് ഇത് ഒത്തുകളിയാണ്, ഇതിൽ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും അന്ന് ആരോപണം ഉന്നയിച്ച സ്ത്രീ ആവശ്യപ്പെട്ടത്. അവരുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കമ്മീഷൻ നിഗമനങ്ങൾ. ഇക്കാര്യത്തിൽ ഒരു ഒത്തുകളിയും നടക്കുന്നില്ല. ഉമ്മൻചാണ്ടിക്കുവേണ്ടി സർക്കാർ എന്തെങ്കിലും നിലപാട് എടുക്കുകയും ചെയ്തിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. അക്കാര്യത്തിൽ അനാവശ്യ പഴി സർക്കാർ കേൾക്കേണ്ട കാര്യമില്ല. ഈ ഗൗരവമായ ചർച്ച നടക്കുന്ന സമയത്തും രണ്ട് യു.ഡി.എഫ് നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സഭയിൽ കാണുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
I went to Cliff House after 7pm: Swapna Suresh