എന്നെ പണിയാൻ നോക്കേണ്ട, മരണം വരെ രാഷ്ട്രീയത്തിലുണ്ടാകില്ല; കെ.ബി ഗണേഷ് കുമാർ
|'നേതൃനിരയിൽ പുതിയ തലമുറയെ കൊണ്ടുവന്ന് താൻ നേതൃസ്ഥാനം മാറും'
മരണം വരെ രാഷ്ട്രീയത്തിൽ നിൽക്കില്ലെന്നും റിട്ടയർമെന്റ് എടുക്കുമെന്നും കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. 'ഞാൻ അത്ര വലിയ രാഷ്ട്രീയക്കാരനല്ല. എന്റെ പാർട്ടിയിൽ ഇരുപത്തി അയ്യായിരം അംഗങ്ങളുണ്ട്. അമ്പത് ലക്ഷം പേരുള്ള പാർട്ടിയാണ് ഞങ്ങളുടേത് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ, രണ്ടോ മൂന്നോ പേരുള്ള പാർട്ടിയല്ല ഞങ്ങളുടേത്. ഞാൻ രാഷ്ട്രീയത്തിൽ മരിക്കുംവരെ നിൽക്കില്ല. റിട്ടയർമെന്റ് എടുക്കും. ഇതിങ്ങനെ കെട്ടിപ്പടുത്ത ശേഷം നേതൃനിരയിൽ പുതിയ തലമുറയെ കൊണ്ടുവന്ന് താൻ നേതൃസ്ഥാനം മാറുമെന്നും' കേരളകോൺഗ്രസ് ചെയർമാൻ പറഞ്ഞു.കേരള കോൺഗ്രസ് ബി സംസ്ഥാന കോൺഫറൻസിന് ശേഷം പ്രതികരിക്കുകയായിരുന്നു ഗണേഷ്കുമാര്‍.
'എന്നെ മാറ്റാനൊന്നും ആർക്കും പറ്റില്ല. ഞാൻ മാറും. എന്നെ പണിയാൻ വേണ്ടി ആരും നടക്കേണ്ട. ഞാൻ ഏത് അധികാരസ്ഥാനവും ആഗ്രഹിക്കുന്ന ആളല്ല. 2013ൽ മന്ത്രിസ്ഥാനം രാജിവച്ച ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചയാളല്ല. പിന്നെയും രണ്ടു തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ചത് ജനങ്ങളുടെ സ്നേഹമാണ്. എന്റെ മരണം വരെ കേരള കോൺഗ്രസിൽ ഞാനായിരിക്കും നേതാവെന്നോ അതിനു ശേഷം ഇതുണ്ടാകില്ലെന്നും പറയുന്നില്ല. ഇതുണ്ടാകും. അടുത്ത തവണ ഇതിന്റെ പതിന്മടങ്ങ് ശക്തിയുമായി നമ്മൾ കാണും. ഈ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ നിയമവ്യവസ്ഥയിലൂടെ നേരിടും. കേരള കോൺഗ്രസ് ബിയിൽ ആരൊക്കെ ഉണ്ടെന്ന് നിങ്ങൾക്കറിയാമെന്നും' ഗണേഷ് കുമാർ പറഞ്ഞു.