'ഹണിട്രാപ്പല്ല, എല്ലാം ചെയ്തത് ഷിബിലി'; ഫർഹാന
|സിദ്ദിഖിനെ കൊലപ്പെടുത്തുമ്പോൾ റൂമിൽ ഉണ്ടായിരുന്നെന്നും ഫര്‍ഹാന
പാലക്കാട്:ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കിലെന്ന് പ്രതി ഫർഹാന. 'ഹണി ട്രാപ്പിലൂടെയല്ല സിദ്ദിഖിനെ വകവരുത്തിയത്. ഹണി ട്രാപ്പ് എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അയാളുടെ കൈയിൽ നിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ല'.. ഫര്‍ഹാന പറഞ്ഞു.
'എല്ലാം ഷിബിലിയുടെ പ്ലാനാണ്.കൊല നടക്കുമ്പോൾ താൻ റൂമിൽ ഉണ്ടായിരുന്നു, അവർ തമ്മിൽ കലഹം നടന്നിരുന്നു. ഞാന്‍ ഇതിന്റെ കൂടെ നിന്ന് എന്നത് സത്യമാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിക്കുമാണ്..' ഫർഹാന പറഞ്ഞു. പ്രതികളെ അട്ടപ്പാടി ചുരത്തിലെത്തിച്ച് നടത്തിയെ തെളിവെടുപ്പിനിടിലായിരുന്നു ഫർഹാനയുടെ പ്രതികരണം.
അട്ടപ്പാടി ചുരത്തിലെത്തിച്ച് നടത്തിയെ തെളിവെടുപ്പിൽ സിദ്ദിഖിന്റെ ഫോൺ കണ്ടെത്തിയിരുന്നു.ചൊവ്വാഴ്ച 11 മണിയോടെയാണ് പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ അട്ടപ്പാടി ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.19-ാം തീയതി രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം കയറ്റിയ പെട്ടികൾ ചുരത്തിൽ നിന്നും താഴെക്ക് എറിഞ്ഞത്. ഒൻപതാം വളവിൽ കാർ നിർത്തിയ ശേഷം മറ്റാരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം പെട്ടികൾ താഴെക്ക് എറിഞ്ഞെന്ന് ഷിബിലിയും ഫർഹാനയും പൊലീസിനോട് പറഞ്ഞു.
മൃതദേഹം വലിച്ചെറിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് സിദ്ദിഖിന്റെ ഫോൺ ഉപേക്ഷിച്ചത്. ഏഴാം വളവിന് താഴെ നിന്നാണ് ഫോൺ ലഭിച്ചത്. ഫർഹാനയുടെ ചളവറയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. അതേസമയം, സിദ്ദിഖിന്റെ കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഹോട്ടലിനുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തു.