ഐ.സി.യു പീഡനക്കേസ്: നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു
|കോഴിക്കോട് മെഡിക്കൽ കോളജ് നഴ്‌സിങ് ഓഫീസർ അനിത പി.ബിയുടെ സ്ഥലംമാറ്റ ഉത്തരവാണ് ട്രിബ്യൂണൽ മരവിപ്പിച്ചത്
കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ കോളജ് നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു. അനിത പി.ബിയുടെ സ്ഥലംമാറ്റ ഉത്തരവാണ് ട്രിബ്യൂണൽ മരവിപ്പിച്ചത്. അനിതയുടെ അപ്പീൽ തീർപ്പാകും വരെ സ്ഥലംമാറ്റരുതെന്നാണ് ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ് ഡയറക്ടറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. ഐ.സി.യു പീഡന കേസിൽ അതിജീവിതക്ക് അനുകൂലമായി മൊഴി കൊടുത്തിരുന്നയാളാണ് അനിത പി.ബി. സ്ഥലമാറ്റ ഉത്തരവിനെതിരെ ഇവർ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ ഒരു ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജിയിലാണ് ട്രിബ്യൂണൽ ഉത്തരവിറക്കിയത്.
അനിതയുടെ ഭാഗം കേൾക്കണമെന്നും അപ്പീലിൽ രണ്ടുമാസത്തിനകം തീരുമാനം എടക്കണമെന്നും ട്രിബ്യൂണൽ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. രണ്ടു മാസക്കാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരാൻ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിടുതൽ വാങ്ങണമെന്നാണ് പ്രിൻസിപ്പൽ നൽകിയ നിർദേശത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ ട്രിബ്യൂണൽ ഉത്തരവുണ്ടായിട്ടും തന്നെ ഇവിടെ തുടരാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അനിത പി.ബി മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. അതിജീവിതക്കൊപ്പം നിന്നതുകൊണ്ടാണ് താൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് അനിത പി.ബി പറഞ്ഞു. ഇതിനെതുടർന്ന് അതിജീവിതയും മെഡിക്കൽ കോളേജ് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും തനിക്കൊപ്പം നിന്ന അനിതക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.