ഇടമലയാർ ഡാം രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം
|ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തിൽ പെരിയാറിലെത്തും
കൊച്ചി: ജലനിരപ്പ് ഉയരുന്ന പശ്ചാത്തതലത്തിൽ ഇടമലയാർ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഷട്ടർ തുറക്കുക. ഇടുക്കി ഡാമിന് പുറമേ ഇടമലയാർ കൂടി തുറക്കുന്നതിനാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ. രേണുരാജ് അറിയിച്ചു.
ആദ്യ മണിക്കൂറുകളിൽ 50 ക്യുമെക്‌സ് ജലവും പിന്നീട് 100 ക്യുമെക്‌സ് ജലവുമാണ് തുറന്ന് വിടുക. വെള്ളം ആദ്യം ഒഴുകി എത്തുക ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തിൽ പെരിയാറിലെത്തും. തുറന്ന് ഏഴ് മണിക്കൂറിന് ശേഷം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്കൂട്ടൽ.
രണ്ട് ഡാമുകളിൽ നിന്നുള്ള ജലം പെരിയാറിലെത്തുമെങ്കിലും മഴ മാറി നിൽക്കുന്നതിനാൽ ജലനിരപ്പ് അപകടകരമാം വിധം ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സജ്ജരായിരിക്കാനുള്ള നിർദേശം ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്.
ഷട്ടർ ഉയർത്തുന്നതിന് മുന്നോടിയായി പഞ്ചായത്തുകളിൽ അനൗൺസ്മെൻറുകൾ നടത്തി ആളുകളെ ബോധവത്ക്കരിക്കുന്നുണ്ട്. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ 21 അംഗ സംഘം കൊച്ചിയിലെത്തി. ഇടമലയാർ ഡാമിൻറെ സംഭരണ ശേഷി 169 മീറ്ററാണ്.