ഇടുക്കിഡാം; ഒരു ഷട്ടറിലൂടെ 50 ക്യുമെക്‌സ് വെള്ളം പുറത്തുവിടും: മന്ത്രി റോഷി അഗസ്റ്റിന്‍
|കാലാവസ്ഥ മെച്ചപ്പട്ടാൽ ഡാം അടക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി
ഇടുക്കി: ഇടുക്കി ഡാമിന്റെ ഒരു ഷട്ടറിലൂടെ 50 ക്യുമെക്‌സ് വെള്ളം പുറത്ത് വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഷട്ടർ 70 സെന്റീമീറ്ററാണ് ഉയർത്തുക. എന്നാൽ പെരിയാർ തീരത്ത് ആശങ്കവേണ്ടെന്ന് മന്ത്രി പറഞ്ഞു.
'കഴിഞ്ഞ തവണത്തേക്കാൾ 13 അടിയോളം വെള്ളം കൂടുതൽ ഉണ്ട്. റൂൾ ലെവൽ പിന്നിട്ടു കഴിഞ്ഞു. കാലാവസ്ഥ മെച്ചപ്പട്ടാൽ ഡാം അടക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിൽ ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴുക്കി വിടും. റൂൾ ലെവൽ അനുസരിച്ചാണ് ഡാം തുറക്കേണ്ടത്. കൂടുതൽ വെള്ളം ഒഴുക്കി വിടാതിരിക്കാനാണ് ശ്രമം. ഇടമലയാർ ഇപ്പോൾ തുറക്കണ്ടതില്ല. പെരിയാർ ജലനിരപ്പ് വാണിങ്ങ് ലെവലിൽ എത്തിയിട്ടില്ല. അതിനുള്ള സാധ്യത ഇല്ല. ഡാം തുറന്ന് വിടുന്നതിനോടനുബന്ധിച്ച് എല്ലാ വകുപ്പുകളും സജ്ജമാണ്'. ഏത് തരത്തിൽ വെള്ളമുയർന്നാലും സ്വീകരിക്കേണ്ട നടപടികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുക്കുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് മൂന്ന് ദിവസത്തിനുള്ളിൽ ഭാഗികമായി ഗതാഗത പുനസ്ഥാപിക്കാനാകും. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടും. കൂടുതൽ വെള്ളം തുറന്ന് വിടാൻ ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.