ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; തീരങ്ങളില്‍ അതീവ ജാഗ്രത
|നാളെ രാവിലെ 11ന് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറക്കും
ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി സമീപപ്രദേശങ്ങളില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ചു. സംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നാളെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാന്‍ തീരുമാനിച്ചത്. കനത്ത മഴയെ തുടർന്ന് സംഭരണിയുടെ വൃഷ്ടി പ്രദേശത്തെ വെള്ളമൊഴുക്ക് വർധിക്കുകയും ജലനിരപ്പ് 2397.38 അടിയായി ഉയരുകയും ചെയ്തിട്ടുണ്ട്.
നാളെ രാവിലെ 11 മണിക്കാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയര്‍ത്തുക. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. രണ്ടു ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ചെറുതോണിപ്പുഴയിലേക്ക് ഒഴുക്കിവിടും. 2,395 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തും. സമീപവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രി റോഷി അഗസ്റ്റിനും കലക്ടർ ഷീബ ജോർജും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഡാം തുറക്കുന്ന കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഡാമിന് സമീപത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നടപടികളുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കും. മുമ്പുണ്ടായ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഡാം ഇപ്പോൾ തുറക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.