ഇടുക്കി ഡാമിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത
|ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇടുക്കി ഡാം തുറന്നു. ഷട്ടര്‍ 35 സെ.മീ ആണ് ഉയർത്തിയത്. 2398.04 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരിയാര്‍ തീരം അതീവ ജാഗ്രതയിലാണ്.
ഇന്നലെ മുതല്‍ തുടങ്ങിയ പഴുതടച്ച മുന്നൊരുക്കങ്ങള്‍.10.50 മുതല്‍ മിനിട്ടുകളുടെ ഇടവേളയില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി.11 മണിക്ക് ആദ്യ ഷട്ടർ തുറന്നു. അരമണിക്കൂറിനുള്ളില്‍ വെള്ളം ചെറുതോണി പുഴയിലെത്തി. വെള്ളത്തിന്റെ ഒഴുക്ക് കാണാന്‍ നിയന്ത്രണങ്ങളെ മറികടന്നും ആളുകളെത്തി.12 മണിയോടെ രണ്ടാം ഷട്ടറും ഒരു മണിയോടെ മൂന്നാമത്തെ ഷട്ടറും തുറന്നു. സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം. എങ്കിലും 2018 മഹാപ്രളയത്തെ അപേക്ഷിച്ച് പുറത്തേക്കൊഴുക്കുന്നത് പത്തിലൊന്ന് വെള്ളം മാത്രം.
ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. പിന്നാലെ രണ്ടും നാലും ഷട്ടറുകള്‍ തുറന്നു. ഇടുക്കി ഡാം തുറന്നതോടെ അതീവ ജാഗ്രതയിലാണ് മധ്യ കേരളം. വെള്ളം വൈകിട്ട് നാല് മണിയോടെ ആലുവ, കാലടി മേഖലയിലെത്തും. പെരിയാർ തീരത്ത് കർശന ജാഗ്രത നിർദേശമാണ് നല്‍കിയിട്ടുള്ളത്.
മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാൻ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണം. ഡാം തുറക്കുമ്പോഴുള്ള കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകർത്തൽ, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. മാധ്യമങ്ങൾക്കും നിശ്ചിത സ്ഥാനത്ത് നിന്നാണ് വാർത്താ സംപ്രേഷണത്തിന് അനുമതി.