ഇടുക്കി ഡാം തുറന്നു; ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്
|40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക
ജലനിരപ്പ് ഉയര്‍ന്നതിനത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ഡാമിന്‍റെ മൂന്നാമത്തെ ഷട്ടർ 40 സെന്‍റീമീറ്ററാണ് ഉയർത്തിയത്. 40,000 ഘനയടി വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ അറിയിച്ചിരുന്നു.
റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. 2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്‍റെ മുന്നൊരുക്കങ്ങൾ എല്ലാം നേരത്തെ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാൾ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിട്ടത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. മഴകനത്താൽ നാളെ ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഡാം തുറക്കുന്നതിനാല്‍ പെരിയാർ തീരത്തുള്ളവർക്ക് നേരത്തെ ജാഗ്രതാ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ ആരെയും മാറ്റിപ്പാർപ്പിക്കേണ്ടിവന്നിട്ടില്ല. ജലം പുറത്തേക്കൊഴുകുന്നത് കുറഞ്ഞ അളവിലായതിനാല്‍ ആശങ്കയില്ല. അതേസമയം, മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് 140.10 അടിയിലേറെയായി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളം ഇരട്ടിയാക്കി. ജലനിരപ്പ് കുറയ്ക്കാനായില്ലെങ്കില്‍ മുല്ലപ്പെരിയാർ കൂടി തുറന്നേക്കും.