ഇടുക്കി ഡാം തുറന്നു; മൂന്നാമത്ത ഷട്ടറിലൂടെ പുറത്ത് വിടുന്നത് 50 ക്യുമെക്‌സ് വെള്ളം
|അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചത്
ഇടുക്കി: ജലനിരപ്പുയർന്നതോടെ ഇടുക്കി ഡാം തുറന്നു. ഇന്ന് രാവിലെ 10 മണിക്കാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നത്. 70 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. 50 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചത്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് അഞ്ച് വില്ലേജുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കാലാവസ്ഥ മെച്ചപ്പട്ടാൽ ഡാം അടക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഇടുക്കി ഡാമിൽ ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴുക്കി വിടും. റൂൾ ലെവൽ അനുസരിച്ചാണ് ഡാം തുറക്കേണ്ടത്. കൂടുതൽ വെള്ളം ഒഴുക്കി വിടാതിരിക്കാനാണ് ശ്രമം. ഇടമലയാർ ഇപ്പോൾ തുറക്കണ്ടതില്ല. പെരിയാർ ജലനിരപ്പ് വാണിങ്ങ് ലെവലിൽ എത്തിയിട്ടില്ല.അതിനുള്ള സാധ്യത ഇല്ല. ഡാം തുറന്ന് വിടുന്നതിനോടനുബന്ധിച്ച് എല്ലാ വകുപ്പുകളും സജ്ജമാണെന്നും ഏത് തരത്തിൽ വെള്ളമുയർന്നാലും സ്വീകരിക്കേണ്ട നടപടികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യമുണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനായി 29 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.