Kerala
idukki dcc president warns to kill wild elephants

ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്

Kerala

ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലും: ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്

Web Desk
|
5 Feb 2023 1:33 AM GMT

'ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്'

ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സി.പി.മാത്യു പൂപ്പാറയിൽ പറഞ്ഞു.

അതേസമയം ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ ദ്രുതകർമ സേന നിരീക്ഷണം തുടങ്ങി. അപകടകാരികളായ ആനകളുടെ വിവര ശേഖരണമാണ് ആദ്യം നടത്തുക. തിങ്കളാഴ്ച ചേരുന്ന സംയുക്ത യോഗത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ജനകീയ പ്രതിഷേധം ഉയർന്നതോടെയാണ് വയനാട്ടിൽ നിന്ന് ദ്രുതകർമ്മ സേനയെത്തിയത്. വയനാട് ആർ.ആർ.ടി റേഞ്ച് ഓഫീസർ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ശാന്തന്‍പാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ പ്രശ്നബാധിത മേഖലകളിൽ സന്ദർശനം നടത്തും. അപകടകാരികളായ ആനകളെ പ്രത്യേകം നിരീക്ഷിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സംയുക്ത യോഗം ചേരും.

ആനകളെ പിടികൂടുന്ന കാര്യത്തിൽ തീരുമാനമായാൽ പൊലീസ്, ഫയർഫോഴ്സ്, വനം, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കും. ഇടുക്കിയുടെ പരിസ്ഥിതിക പ്രത്യേകതകൾ കൂടി പരിഗണിച്ചാകും സംഘത്തിന്‍റെ തുടർ പ്രവർത്തനങ്ങൾ.

Similar Posts