'ആള് ശാന്തനാണ്, സുന്ദരനാണ്...അത്ര പ്രശ്‌നക്കാരനായിരുന്നില്ല'; അരിക്കൊമ്പനെ കുറിച്ച് വാച്ചർമാർ
|'അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയാൽ അടുത്ത ആന ഈ പണി ഏറ്റെടുക്കും'
ഇടുക്കി: നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് ഒറ്റയാനായ അരിക്കൊമ്പൻ ഭീതി പരത്തുന്നത്. ഇരുപത്തിയഞ്ചാം തീയതി അരിക്കൊമ്പനെ മയക്കുവെടി വെക്കും. അതിനുള്ള ക്രമീകരണങ്ങൾ എല്ലാം തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ആനയെ കാലങ്ങളായി നിരീക്ഷിക്കുന്ന വനം വകുപ്പ് വാച്ചർമാർക്കും ചിലതൊക്കെ പറയാനുണ്ട്. പറയത്തക്ക പ്രശ്‌നക്കാരനായിരുന്നില്ല അരിക്കൊമ്പനെന്നും കാട്ടാനകൾ അക്രമകാരികളാകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്നും വാച്ചർമാരായ ജയറാം, വിജയകുമാർ, രഘു, മുത്തു എന്നിവർ മീഡിയവണിനോട് പറഞ്ഞു.
' ആള് ശാന്തനാണ്..ഭക്ഷണത്തിന്, അരിക്ക് വേണ്ടിയാണ് അരിക്കൊമ്പൻ ഈ വീടൊക്കെ പൊളിക്കുന്നത്.അടുക്കള ഭാഗം പൊളിച്ച് അരി എടുക്കുന്നതുകൊണ്ടാണ് അരിക്കൊമ്പൻ എന്ന പേര് തന്നെ വന്നത്. പക്ഷേ ആന ആളെ കൊന്നതായി ഞങ്ങൾക്ക് അറിയില്ലെന്നും ഇവർ പറയുന്നു.
'വളരെ സ്പീഡാണ് ആനക്ക്. ഇന്ന് ഇവിടെ കണ്ടാൽ അടുത്ത സ്ഥലത്ത് വേറെ സ്ഥലത്തായിരിക്കും. ബാക്കിയുള്ള ആനകൾ രാത്രി സമയത്താണ് റോഡ് മുറിച്ചുകടക്കുന്നത്. പക്ഷേ അരിക്കൊമ്പൻ ഏതുസമയത്തും റോഡ് ക്രോസ് ചെയ്യും. ജനവാസ മേഖലയിലാണ് 19 ആനകളുടെ ആവാസ കേന്ദ്രം.
ആനയെ മയക്കുവെടിവെക്കുന്നത് സങ്കടമാണ്. പക്ഷേ വീട് പൊളിക്കുന്നത് ആളുകൾക്ക് ബുദ്ധിമുട്ടാകുന്നത് കൊണ്ടാണ് പിടിക്കാൻ സമ്മതിക്കുന്നത്. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയാൽ അടുത്ത ആന ഈ പണി ഏറ്റെടുക്കും. ആനകൾക്ക് വേണ്ട ഭക്ഷണം ഇവിടെ ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.അതുകൊണ്ടാണ് റേഷൻകടയും വീടുമെല്ലാം പൊളിക്കുന്നതെന്നും വാച്ചർമാർ പറയുന്നു.