കൈക്കൂലിക്കേസിൽ ഇടുക്കി മുൻ ഡിഎംഒയ്ക്ക് ജാമ്യം
|മൂന്നാറിൽ റിസോർട്ടിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് മനോജിനെതിരായ കേസ്
കൊച്ചി: കൈക്കൂലിക്കേസിൽ ഇടുക്കി മുൻ ഡിഎംഒ ഡോ. എൽ. മനോജിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അന്വേഷണ ഏജൻസി മനോജിന്റെ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണു കോടതി ജാമ്യം അനുവദിച്ചത്. മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ടിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് മനോജിനെതിരായ കേസ്. ഈ മാസം ഒൻപതിനാണ് മനോജ് വിജിലൻസിന്റെ പിടിയിലായത്.
ഡിഎംഒയ്ക്കുവേണ്ടി ഗൂഗിൾപേയിൽ പണം വാങ്ങിയ ഇടനിലക്കാരനും ഡ്രൈവറുമായ രാഹുൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മനോജിനെ നേരത്തെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സസ്പെൻഷന് സ്റ്റേ ലഭിച്ചെങ്കിലും ഇടുക്കി കലക്ടറേറ്റ് വളപ്പിലെ ഡിഎംഒ ഓഫിസിലെത്തി മനോജിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Summary: Former Idukki DMO Dr L Manoj granted bail in bribery case