ഇടുക്കി, കക്കി, ഇടമലയാർ ഡാമുകൾ തുറക്കില്ല
|വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച യോഗത്തിലാണ് തീരുമാനം
ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ വിലയിരുത്തൽ. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച യോഗത്തിലാണ് തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗം വിലയിരുത്തിയത്.
വൈദ്യുതി ബോർഡിന് ആശങ്ക ഉണ്ടാക്കിയിരുന്നത് കക്കി ഡാമിന്റെ കാര്യത്തിലായിരുന്നു. കക്കി ഡാമിൽ ജലനിരപ്പ് ഇപ്പോൾ 979 അടിയാണ്. 978 മീറ്റർ ഉള്ളപ്പോഴായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എങ്കിലും ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് ബോർഡിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ.
നിലവിൽ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയുള്ള മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്താകും തുടർ തീരുമാനം. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം മഴ കുറയും എന്നത് കൊണ്ട് തന്നെ ഈ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല.
നിലവിൽ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ 21 സെന്റീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ എല്ലാ ഷട്ടറുകൾ 13 സെന്റിമീറ്റർ വീതവും കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവും മംഗലം ഡാമിലെ എല്ലാ ഷട്ടറുകൾ 35 സെന്റിമീറ്റർ വീതവും ചുള്ളിയാർ ഡാമിലെ രണ്ട് ഷട്ടറുകൾ 3 സെന്റീമീറ്റർ വീതവും ശിരുവാണി ഡാമിലെ റിവർ സ്ലുയിസ് ഷട്ടർ 50 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്
1. മലമ്പുഴ ഡാം 114.15 മീറ്റർ (പരമാവധി ജലനിരപ്പ് 115.06)
2. മംഗലം ഡാം 77.12 മീറ്റർ (പരമാവധി ജലനിരപ്പ് 77.88)
3. പോത്തുണ്ടി 107.18 മീറ്റർ (പരമാവധി ജലനിരപ്പ് 108.204)
4. മീങ്കര 156.03 മീറ്റർ (പരമാവധി ജലനിരപ്പ് 156.36)
5. ചുള്ളിയാർ 153.69 മീറ്റർ (പരമാവധി ജലനിരപ്പ് 154.08)
6. വാളയാർ 201.20 മീറ്റർ (പരമാവധി ജലനിരപ്പ് 203)
7. ശിരുവാണി 876.75 മീറ്റർ (പരമാവധി ജലനിരപ്പ് 878.5)
8. കാഞ്ഞിരപ്പുഴ 95.38 മീറ്റർ (പരമാവധി ജലനിരപ്പ് 97.50)
റുമി, പെരുംതേനരുവി ജലവൈദ്യുത പദ്ധതികളിൽ 10 മെഗാവാട്ട് ഉത്പാദനം തകരാറിലായി. ഇടുക്കി, ഇടമലയാർ, ബാണാസുര സാഗർ, ഷോളയാർ എന്നിവിടങ്ങളിൽ ഉത്പാദനം കൂട്ടും. ഇടുക്കി ഡാമിൽ ജലനിരപ്പ് 2396.20 അടിയിലെത്തി.1.8 മില്ലീ മീറ്റർ മഴ വൃഷ്ടിപ്രദേശത്ത് ലഭിക്കുന്നു.