ഇടുക്കി യു.ഡി.എഫില്‍ ഒടുവില്‍ 'വെടിനിര്‍ത്തല്‍'; നിലപാട് മയപ്പെടുത്തി മുസ്ലിം ലീഗ്
|ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോൺഗ്രസ് നടത്തിയ നീക്കമാണ് എല്ലാത്തിനും കാരണമെന്ന് പറയുമ്പോഴും സി.പി.എമ്മിൻ്റെ വിജയത്തിന് വഴിയൊരുക്കിയ ലീഗ് നിലപാടിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു
ഇടുക്കി: തൊടുപുഴയിലെ കോൺഗ്രസുമായുള്ള ഭിന്നതയിൽ നിലപാട് മയപ്പെടുത്തി മുസ്ലിം ലീഗ്. കാര്യങ്ങൾ സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തി. യു.ഡി.എഫ് എന്ന പൊതുവികാരത്തിനൊപ്പം നിലകൊള്ളുമെന്നും പരസ്യപ്രതികരണങ്ങൾക്കില്ലെന്നും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
കൈപ്പിടിയിലൊതുങ്ങിയ നഗരസഭാ ഭരണം കൈവിട്ട് കളഞ്ഞതിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ജില്ലയിൽ സഹകരിക്കില്ലെന്ന് ലീഗും ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കേണ്ടെന്ന് കോൺഗ്രസും തുറന്നടിച്ചതോടെ പോര് രൂക്ഷമായി. വിവാദങ്ങളവസാനിപ്പിച്ച് പരസ്പര ധാരണയിലെത്താനായിരുന്നു സംസ്ഥാന നേതൃത്വങ്ങൾ നൽകിയ നിർദേശം. കോൺഗ്രസും ലീഗും തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണെന്ന് പറഞ്ഞ ലീഗ് നേതൃത്വം പരസ്യ പ്രസ്താവനകൾക്കില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിനൊപ്പം ഒരു സഹോദരനെപ്പോലെ എക്കാലത്തും നിന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ വ്യക്തമാക്കി.
ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോൺഗ്രസ് നടത്തിയ നീക്കമാണ് എല്ലാത്തിനും കാരണമെന്ന് പറയുമ്പോഴും സി.പി.എമ്മിൻ്റെ വിജയത്തിന് വഴിയൊരുക്കിയ ലീഗ് നിലപാടിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. നിലപാട് മയപ്പെടുത്തിയെങ്കിലും നിലവിലെ ഡി.സി.സി പ്രസിഡൻ്റുമായി സഹകരിക്കില്ലെന്ന സൂചനയും ലീഗ് നേതൃത്വം നൽകുന്നുണ്ട്. അതിരുവിട്ട സംസാരം ഡി.സി.സി പ്രസിഡൻ്റിൻ്റെ സ്ഥാന ചലനത്തിന് വഴിയൊരുക്കുമോയെന്നും കാത്തിരുന്ന് കാണണം.
Summary: Idukki Muslim League leadership softens stance on the clash with the Congress in Thodupuzha