ജില്ലകളുടെ വലുപ്പത്തിൽ ഇടുക്കി വീണ്ടും നമ്പര്‍ വണ്‍; പാലക്കാടിനെ പിന്തള്ളി
|ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്‍റെ ഭൂവിസ്തീർണ്ണം കൂട്ടി സർക്കാർ ഉത്തരവിറങ്ങിയതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്.
സംസ്ഥാനത്തെ ജില്ലകളുടെ വലുപ്പത്തിൽ ഇടുക്കി വീണ്ടും ഒന്നാമതായി. പാലക്കാടിനെ പിന്നിലാക്കിയാണ് ഇടുക്കി ഈ നേട്ടം കൈവരിക്കുന്നത്. ഭരണ സൗകര്യത്തിനായി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങൾ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി മാറിയത്.
ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്‍റെ ഭൂവിസ്തീർണ്ണം കൂട്ടി സർക്കാർ ഉത്തരവിറങ്ങിയതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെ സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചു.
ജില്ലയുടെ ആകെ വിസ്തൃതി 4358 ൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ഇതോടെ 4482 ചതുരശ്ര കിലോമീറ്ററുള്ള പാലക്കാട് വലുപ്പത്തിന്‍റെ കാര്യത്തിൽ രണ്ടാമതായി. ഭരണ സൗകര്യത്തിനായാണ് കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങൾ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേർത്തത്.
പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വിസ്തീർണത്തിന്‍റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തും അഞ്ചാമതായിരുന്ന തൃശൂർ നാലാം സ്ഥാനത്തുമെത്തി. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. 1997 വരെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല ഇടുക്കി ആയിരുന്നു. ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് ദേവികുളം താലൂക്കിൽ നിന്ന് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് മാറ്റിയതോടെയാണ് ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായത്. സിജോ വർഗീസ്