തകർന്നുവീഴാറായ ലയങ്ങളിൽ ദുരിത ജീവിതം നയിച്ച് തോട്ടം തൊഴിലാളികൾ; കണ്ണടച്ച് അധികാരികൾ
|ഒരു ലയത്തിൽ ചുരുങ്ങിയത് നാല് കുടുംബങ്ങളെങ്കിലും ഉണ്ടാകും
ഇടുക്കി: ഇടുക്കിയിലെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും പ്രകൃതിയുടെ പച്ചപ്പുമെല്ലാമാണ്. നയനമനോഹരമായ കാഴ്ചകൾക്കിടയിൽ ദുരിത ജീവിതം നയിക്കുന്ന ഒരു വിഭാഗമുണ്ട്, തോട്ടം തൊഴിലാളികൾ. അടിസ്ഥാന സൗകര്യം പോലുമില്ലാതെ തകർന്ന് വീഴാറായ ലയങ്ങളിലാണ് ഒട്ടുമിക്ക തൊഴിലാളികളുടെയും ജീവിതം.
ഇവിടുത്തെ തൊഴിലാളികള്‍ക്ക് പറയാന്‍ ദുരിതങ്ങള്‍ മാത്രമാണുള്ളത്. 66 വയസുണ്ട് ഗൗരിയമ്മക്ക്..കണ്ണിന് കാഴ്ചയില്ല. പീരുമേട് ടീ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഭർത്താവ് മുരുകൻ. കമ്പനിക്ക് പൂട്ട് വീണതോടെ പണിയില്ലാതായി. ജനിച്ച് വളർന്ന മണ്ണിൽ ദുരിത ജീവിതം നയിക്കുകയാണ് ഇരുവരും.
പ്രദേശവാസിയായ പാൽരാജിനുമുണ്ട് പറയാനേറെ. കാന്‍സർ രോഗിയായ മകൾ, ശാരീരികവെല്ലുവിളികൾ നേരിടുന്ന മകനും കൊച്ചുമകനും, അസുഖ ബാധിതരായ എല്ലാവരും കഴിയുന്നത് ഈ ഒറ്റമുറി ലയത്തിലാണ്. ഇന്നോ നാളെയോ നിലം പൊത്തുമെന്ന അവസ്ഥയാണിത്. പീരുമേട്ടിലെ പൂട്ടിപ്പോയ തോട്ടങ്ങളിൽ മാത്രം വാസയോഗ്യമല്ലാത്ത ഇരുന്നൂറോളം ലയങ്ങളുണ്ട്. ഒരു ലയത്തിൽ ചുരുങ്ങിയത് നാല് കുടുംബങ്ങളെങ്കിലും ഉണ്ടാകും.
നിലവിൽ പ്രവർത്തിക്കുന്ന തോട്ടങ്ങളിൽ അൽപ്പം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുണ്ടെങ്കിലും പൂട്ടിയ തോട്ടങ്ങളിൽ തൊഴിലാളികളുടെ ജീവിതം അതിദയനീയമാണ്. മിക്കവർക്കും തൊഴിലില്ല. ആനുകൂല്യങ്ങൾക്കായുള്ള കാത്തിരിപ്പിനിടെ മരണത്തിന് കീഴടങ്ങിയവരും ഒട്ടനവധിയാണ്. സർക്കാർ നൽകി വന്ന പെൻഷനും മുടങ്ങിയതോടെ ഇരട്ടി ദുരിതമായി ഇവരുടെ ജീവിതം.