Kerala
Kakukali drama latest update
Kerala

'പുതിയ സമിതി സമീപിച്ചാൽ കക്കുകളിയുമായി മുന്നോട്ട് പോകും'; സംവിധായകൻ ജോബ് മഠത്തിൽ

Web Desk
|
10 May 2023 2:33 AM GMT

വിവാദമായ കക്കുകളി നാടകത്തിന്റെ അവതരണം ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി നിർത്തിയിരുന്നു

ആലപ്പുഴ: വിവാദമായ കക്കുകളി നാടകത്തിന്റെ അവതരണം ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി നിർത്തിയതോടെ പുതിയ സമിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടക സംഘത്തിന് കക്കുകളി അവതരിപ്പിപ്പിക്കാൻ അനുമതി ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധി. പുതിയ സമിതി സമീപിച്ചാൽ ഉടൻ നാടകവുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ ജോബ് മഠത്തിൽ പറഞ്ഞു.

ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറിയുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് കക്കുകളി നാടകം ചിട്ടപ്പെടുത്തിയത്. സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ ഒരുക്കിയ നാടകം അവതരിപ്പിച്ചിരുന്നത് ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടകസംഘമാണ്. ഇറ്റ്ഫോക്ക് ഉൾപ്പെടെ 18 വേദികൾ കക്കുകളി അവതരിപ്പിച്ചിരുന്നു.

നാടകം വിവാദത്തിലായതോടെ കഴിഞ്ഞ ദിവസമാണ് കക്കുകളിയുടെ അവതരണം ലൈബ്രറി നിർത്തിയത്. നെയ്തലിന് നാടകം അവതരിപ്പിക്കണമെങ്കിൽ ലൈബ്രറിയുടെ അനുമതി വേണം.ഇതിനാലാണ് അണിയറ പ്രവർത്തകർ മറ്റ് വഴികൾ തേടുന്നത്.

കക്കുകളിയുടെ അവതരണം ലൈബ്രറി നിർത്തിയതിൽ നാടക പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ട്. അതേസമയം നാടകം വിലക്കിയിട്ടില്ലെന്നും നിർത്തിയത് താത്കാലികമാണെന്നുമാണ് ലൈബ്രറി ഭാരവാഹികളുടെ വിശദീകരണം.

Similar Posts