Kerala
പാനൂർ സ്ഫോടനത്തില്‍ ഉൾപ്പെട്ടവരുടെ വീടുകൾ സി.പി.എം നേതാക്കൾ സന്ദർശിച്ചെങ്കിൽ പരിശോധിക്കണം- കെ.കെ ശൈലജ
Kerala

പാനൂർ സ്ഫോടനത്തില്‍ ഉൾപ്പെട്ടവരുടെ വീടുകൾ സി.പി.എം നേതാക്കൾ സന്ദർശിച്ചെങ്കിൽ പരിശോധിക്കണം- കെ.കെ ശൈലജ

Web Desk
|
7 April 2024 7:48 AM GMT

പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് കേസിൽ ഉൾപ്പെട്ടവർ. വിഷയത്തിൽ സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണെന്നും കെ.കെ ശൈലജ പറഞ്ഞു.

കോഴിക്കോട്: പാനൂർ സ്ഫോടനക്കേസിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചെങ്കിൽ അത് പരിശോധിക്കണമെന്ന് വടകര എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് കേസിൽ ഉൾപ്പെട്ടവർ. വിഷയത്തിൽ സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണെന്നും കെ.കെ ശൈലജ പറഞ്ഞു. വടകര പാർലമെന്റ് മണ്ഡലത്തിൽ സി.പി.എം ജയിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു അലങ്കോലമുണ്ടാക്കാൻ ശ്രമിക്കുമോ എന്നും കെ.കെ ശൈലജ ചോദിക്കുന്നു.

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീടാണ് സി.പി.എം നേതാക്കൾ സന്ദർശിച്ചത്. പാനൂർ ഏരിയ കമ്മിറ്റിയംഗം സുധീർകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ. അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. കൂത്തുപറമ്പ് എം.എൽ.എ കെ.പി മോഹനൻ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തു. ബോംബ് നിർമിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തിനിടെയാണ് സി.പി.എം നേതാക്കളുടെ സന്ദർശനം.

എന്നാൽ സന്ദർശനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. ഷെറിന്റെ വീട്ടിൽ നേതാക്കൾ സന്ദർശനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തായതിനെക്കുറിച്ച് സി.പി.എം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിൽ നിലനിൽക്കുന്ന പ്രാദേശിക വിഭാഗീയതയാണ് ദൃശ്യങ്ങൾ പുറത്തുപോകാൻ കാരണമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

Similar Posts