ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല, ബിജെപിയിൽ ചേരുകയേ നിവൃത്തിയുള്ളു.. പത്മജയുടെ ‘ഫേസ്ബുക്ക് പോസ്റ്റ്’
|ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു
കോഴിക്കോട്: ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല അതുകൊണ്ട് ബിജെപിയിൽ ചേരുകയേ നിവൃത്തിയുള്ളു. അത്രയേ ഞാനും ചെയ്തുള്ളുവെന്ന് പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്. ബി.ജെ.പി ആസ്ഥാനത്ത് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പത്മജ വേണുഗോപാലിന്റെ Padmaja Venugopal എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റ് വന്നത്.
അഞ്ച് മിനുട്ടിനകം പോസ്റ്റ് ഡിലീറ്റാവുകയും ചെയ്തു. പത്മജ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുന്നതിന് പിന്നാലെ അത് നിഷേധിച്ച് പോസ്റ്റ് ഇട്ടതും ഇതേ പേജിലായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല.ബി.ജെ.പിയിൽ ചേരുകയേ ഒരു നിവൃത്തി കണ്ടുള്ളു.
അത്രയേ ഞാനും ചെയ്തുള്ളു.
പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നു. പ്രകാശ് ജാവഡേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കോൺഗ്രസിൽ കുറേ വർഷങ്ങളായി അസംതൃപ്തയായിരുന്നെന്ന് പത്മജ പറഞ്ഞു. പാർട്ടിയിൽ വർഷങ്ങളായി താൻ അവഗണന നേരിട്ടു. പരാതികൾ നൽകിയിട്ടും പരിഹരിച്ചില്ല. തനിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ സാധിച്ചില്ല. തൃശൂരിലേക്ക് കടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി. മോദിയുടെ പ്രവർത്തനം തന്നെ ആകർഷിച്ചെന്നും പത്മജ പറഞ്ഞു.
'കോണ്‍ഗ്രസ് പ്രവർത്തകരെക്കുറിച്ച് ആലോചിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാൻ ജനിച്ചത് കോണ്‍ഗ്രസ് പാർട്ടിയിലേക്കാണ്. അച്ഛൻ മരിച്ചപ്പോൾ പോലും പാർട്ടി വിട്ടില്ല. നേതാക്കൾക്ക് എന്നെ മനസിലായില്ലെങ്കിലും പ്രവർത്തകർക്ക് മനസിലാകും. ചേച്ചി ഒറ്റയ്ക്കല്ല, ഞങ്ങള് കൂടെ വരാം എന്നാണ് പ്രവർത്തകർ പറയുന്നത്. അതെനിക്ക് ധൈര്യം തരുന്നുണ്ട്'- പത്മജ പറഞ്ഞു. മോദി കേരളത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. അതുകൊണ്ടാണ് ആളുകൾ ബിജെപിയിലേക്ക് വരുന്നതെന്ന് പ്രകാശ് ജാവേഡേക്കർ പറഞ്ഞു.