Kerala
Ruvais
Kerala

കുറ്റം തെളിഞ്ഞാൽ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കും; സ്ത്രീധനം ചോദിച്ചതിന് തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

Web Desk
|
7 Dec 2023 9:38 AM GMT

ഡോ. വിസ്മയയുടെ മരണം ഉണ്ടായപ്പോൾ തന്നെ, ഏതെങ്കിലും മെഡിക്കൽ വിദ്യാർഥി സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അവരുടെ ബിരുദം റദ്ദാക്കാനുള്ള തീരുമാനമെടുത്തിരുന്നു.

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ കുറ്റം തെളിഞ്ഞാൽ റുവൈസിനെതിരെ കടുത്ത നടപടികളെന്ന് ആരോഗ്യസർവകലാശാല വി.സി മോഹനൻ കുന്നുമ്മൽ. റുവൈസ് തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ മെഡിക്കൽ ബിരുദം റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി ഉണ്ടാവുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

കോഴ്‌സ് റദ്ദാക്കുന്നതിനെ കുറിച്ചും ആലോചിക്കും. ഡോ. വിസ്മയയുടെ മരണം ഉണ്ടായപ്പോൾ തന്നെ, ഏതെങ്കിലും മെഡിക്കൽ വിദ്യാർഥി സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അവരുടെ ബിരുദം റദ്ദാക്കാനുള്ള തീരുമാനമെടുത്തിരുന്നു.

ഇതിനുള്ള സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാണ് ഓരോ മെഡിക്കൽ വിദ്യാർഥിയും കോഴ്‌സിന് പ്രവേശനം നേടുന്നത്. ഈ സാഹചര്യത്തിൽ റുവൈസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഇയാളുടെ മെഡിക്കൽ ബിരുദമടക്കമുള്ളവ റദ്ദാക്കുമെന്നാണ് വി.സി വ്യക്തമാക്കിയത്.

അതേസമയം, റുവൈസ് സ്ത്രീധനം ചോദിച്ചതിനുള്ള തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. 'അവരുടെ സ്ത്രീധനമോഹമാണ് എല്ലാത്തിനും കാരണം.... അവസാനിപ്പിക്കുകയാണ് എല്ലാം'- എന്ന് കുറിച്ച ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങളും റുവൈസിനയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളുമാണ് പൊലീസ് കണ്ടെത്തിയത്.

ഷഹാന താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഇതിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് ഇപ്പോൾ പുറത്തുവരുന്നത്. 'സ്ത്രീധനത്തിനെതിരെ ഘോരപ്രസംഗങ്ങൾ നടത്തുന്ന, സ്ത്രീ തന്നെ ധനമെന്ന് വാദിക്കുന്ന ആളായിരുന്നില്ലേ റുവൈസ്' എന്നാണ് ഷഹനയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തുന്നത്.

ഇത്രയധികം സ്ത്രീധനം കൊടുക്കാൻ തനിക്കാവില്ലെന്നും തന്റെ കൈയിൽ നിന്ന് വൻതുക വാങ്ങുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്നും ഷഹന മരിക്കും മുമ്പ് കുറിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പി.ജി വിദ്യാർഥിനിയും വെഞ്ഞാറമ്മൂട് മൈത്രിനഗർ സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Similar Posts