ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മം എടുത്താലും ആർക്കും കിട്ടില്ല; എ.കെ ബാലന്‍
|എം.വി ഗോവിന്ദനെതിരായ പ്രതിപക്ഷ ആരോപണത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് എ.കെ ബാലൻ
പാലക്കാട്: എം.വി ഗോവിന്ദനെതിരായ പ്രതിപക്ഷ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. എംവി ഗോവിന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ എണ്ണപ്പെട്ട ഒരു സ്ഥാനം അദ്ദേഹത്തിന് ചരിത്രം നല്‍കുമെന്ന് എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തിന് ഉള്ളത് നാടുവാഴിത്ത തറവാടിത്തമല്ല. അത് തൊഴിലാളിവര്‍ഗ തറവാടിത്തമാണ്. ആ തറവാടിത്തം നൂറ് ജന്മം കിട്ടിയാലും മറ്റുള്ളവര്‍ക്ക് ലഭിക്കില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. എം.വി ഗോവിന്ദനെതിരായ വിമർശനത്തിന് മറുപടി അർഹിക്കുന്നില്ല. പാളി പൊളിഞ്ഞ മരണക്കിണറ്റിലെ മോട്ടോർ സൈക്കിളുകാരനാണ് കെ.സുധാകരൻ. അദ്ദേഹത്തിന് ഈ ജന്മത്തിൽ കോൺഗ്രസിനെ നന്നാക്കാനാവില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
'ആരോപണ വിധേയനായ നിഖിലിനെതിരെ നടപടിയെടുത്തു. ഇതിൽ അപ്പുറം ആ വിഷയത്തിൽ എസ്.എഫ്.ഐക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എസ്.എഫ്.ഐക്കെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ഒട്ടുമിക്ക കോളജുകളും ഇപ്പോള്‍ എസ്.എഫ്.ഐയുടെ കീഴിലാണ്. ഇടതുപക്ഷക്കാരല്ലാത്തവരുടെ ആകർഷണം പോലും എസ്.എഫ്.ഐക്കുണ്ട്. കെ.എസ്.യുവിനെ മൂലക്കിരുത്തി ഈ നിലയിലേക്ക് എത്തിച്ചത് എസ്.എഫ്.ഐയുടെ മിടുക്കാണ്, എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു.