'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ
|പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തിയാൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണമാകുമായിരുന്നെന്നാണ് കെ.മുരളീധരന്റെ പരാമർശം
വയനാട്: സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് നല്ലകാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. സന്ദീപ് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചയാളാണ്. രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസിലേക്ക് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തി അതിനുള്ള ക്ഷമാപണമായേനെയെന്നും കെ.മുരളീധരൻ പറഞ്ഞു.
'പലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോൾ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു. രാഹുൽ ഗാന്ധിയെ അത്രയേറെ ശക്തമായി വിമർശിച്ചിട്ടുള്ളയാളാണ് സന്ദീപ്. ഭാരത് ജോഡോ യാത്രയെ കളിയാക്കിയയാളാണ്. രാഹുൽ ഗാന്ധിയെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ്. അങ്ങനെയുള്ള സന്ദീപ് വാര്യർ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കിൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണമാകുമായിരുന്നു'- എന്നാണ് കെ.മുരളീധരന്റെ വാക്കുകൾ.
'ഏതായാലും അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നത് നല്ലകാര്യം. മറ്റ് പല പാർട്ടികളും അദ്ദേഹം നോക്കി, നടന്നില്ല. ഒരു കാര്യമേയുള്ളൂ, ഈ സ്നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് എന്നും നിലനിർത്തണം. അല്ലാതെ അടുത്ത അസംബ്ലി ഇലക്ഷൻ കഴിഞ്ഞാൽ വീണ്ടും വെറുപ്പിന്റെ കടയിലേക്ക് മെമ്പർഷിപ്പെടുക്കാൻ പോകരുത്. തുടർന്ന് എല്ലാ കാലഘട്ടങ്ങളിലും രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിൽക്കണം അത്രയേയുള്ളൂ'- കെ. മുരളീധരൻ കൂട്ടിച്ചേർത്തു.