അക്രമം ഉണ്ടായാൽ പൊലീസ് കേസെടുക്കുക സ്വാഭാവികം; കേന്ദ്ര സേനയെ വിളിക്കുന്നത് സർക്കാർ അല്ലെന്നും മുഖ്യമന്ത്രി
|കേന്ദ്ര സേനയെ വിളിക്കുന്നത് സർക്കാർ അല്ലെന്നും അത് ആവശ്യപ്പെട്ടത് നിർമാണ കമ്പനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം ഉണ്ടായാൽ പൊലീസ് കേസെടുക്കുന്നത് സ്വാഭാവികമാണ്. ആർക്കെതിരെ കേസെടുക്കണമെന്ന് സർക്കാരല്ല തീരുമാനിക്കുന്നതെന്നും വിഴിഞ്ഞം വിഷയത്തിലുള്ള അടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധം നടത്തുന്നവരുമായി ചർച്ചയ്ക്ക് എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ് സർക്കാർ. പദ്ധതി തടസപ്പെടുത്തില്ലെന്ന് കോടതിയിൽ പറഞ്ഞ ഉറപ്പ് ലംഘിക്കപ്പെട്ടു. നിയമം കൈയിലെടുക്കുന്നവരെ പൊലീസിന് നിയന്ത്രിച്ചേ മതിയാകൂ. കേന്ദ്ര സേനയെ വിളിക്കുന്നത് സർക്കാർ അല്ലെന്നും അത് ആവശ്യപ്പെട്ടത് നിർമാണ കമ്പനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരാർ പ്രകാരം കരാർ കമ്പനി പറയുന്ന സുരക്ഷ നൽകണമെന്ന് വ്യവസ്ഥയുണ്ട്. സർക്കാർ അതിനെ എതിർത്തില്ലെന്ന കാര്യം പറഞ്ഞ് സമരത്തെ അടിച്ചമർത്തുന്നു എന്ന പ്രചരണം വേണ്ട. കരാർ ഒപ്പിട്ടവർക്ക് ഇത് ഓർമ കാണുമല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വലിയ അക്രമമാണ് വിഴിഞ്ഞം സമരക്കാരിൽ നിന്നുണ്ടായത്.
ഗർഭിണികളെ വരെ തടഞ്ഞു. സെക്രട്ടേറിയറ്റിൽ കയറി. ബോട്ട് കത്തിക്കാൻ ശ്രമിച്ചു. ലത്തീൻ സഭയ്ക്ക് സർക്കാരുമായി ഊഷ്മള ബന്ധമാണ് ഉണ്ടായിരുന്നത്. സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ബഹ്യ ശക്തികൾ ആണോ എന്ന് സംശയമുണ്ട്. ലത്തീൻ സഭയുടെ പൊതു നിലപാടല്ല സമര സമിതിയിലെ ചിലർക്കുള്ളത്. സമരം ചെയ്യുന്നവരുടെ മാത്രമല്ല പ്രാദേശിക ആശങ്കകളും പരിഹരിക്കും. സങ്കുചിത മനോഭാവത്തോടെയാണ് ചിലരുടെ പ്രവർത്തനം.
പൊലീസ് നല്ല രീതിയിൽ സംയമനം പാലിച്ചു. അസാമാന്യമായ ക്ഷമ കാണിച്ചു. എന്നാൽ സമരക്കാർ കോടതി നിർദേശത്തിന് വിരുദ്ധമായി വാഹനം തടഞ്ഞു. സ്ത്രീകളുൾപ്പെടെയുള്ള ജനക്കൂട്ടം സ്റ്റേഷൻ വളഞ്ഞു. അഞ്ച് ജീപ്പകൾ അടക്കം തകർത്തു. പൊലീസുകാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ബന്ദിയാക്കി. തടിച്ചു കൂടിയ അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തെളിവ് നശിപ്പിക്കാൻ സി.സി.ടി.വി ക്യാമറകൾ മുൻകൂടി തകർത്തു. ലീസ് സ്റ്റേഷൻ അക്രമം പെട്ടെന്നണ്ടായത് അല്ലെന്നും തുടർച്ചയായ ആക്രമ പരമ്പരകളുടെ ഭാഗമാണ് അതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.