'പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ ആയിരിക്കും'; പ്രകാശ് രാജ്
|മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ ഫലസ്തീന് പിന്തുണ നൽകാനോ കഴിയുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു
ഏറ്റവും മികച്ച നടനാണ് നരേന്ദ്രമോദിയെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ്. നടൻമാർ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ ഫലസ്തീന് പിന്തുണ നൽകാനോ കഴിയുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
'സാഹിത്യകാരനും സാഹിത്യകാരനായി ആരോപിക്കപ്പെടുന്നവരുമുണ്ട്, നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങൾ തന്നെ പോരാട്ടം നടത്തണം. പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്. പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ ആയിരിക്കും'- പ്രകാശ് രാജ്.
അതിജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗം കലയാണ്. രാമായണം പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതായണത്തെ കുറിച്ച് നാം സംസാരിക്കുന്നില്ലെന്നും കാശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
വലതുപക്ഷം എല്ലാക്കാലവും നില നിന്ന ചരിത്രമില്ലെന്നും നമ്മുടെ ഭയമാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ശക്തിയെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു. അവർ സ്വയം ശക്തരല്ലെന്നും ഇത്തരം വലതു പക്ഷ വർഗീയതകൾ നശിക്കുക തന്നെ ചെയ്യുമെന്നും നമ്മൾ ചോദ്യം ചെയ്തു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. തോൽക്കാൻ തയാറായാലും പോരാടിക്കൊണ്ടേയിരിക്കണം. പോരാട്ടം തുടരാതെ വേറെ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.