ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ സമ്മേളനം കണ്ണൂരിൽ
|തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കൊച്ചി: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ 19-ാം സംസ്ഥാന സമ്മേളനവും നാഷണൽ സൈന്റിഫിക് സെമിനാറും ഏപ്രിൽ 28ന് കണ്ണൂരിൽ നടക്കും. തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്തർദേശീയ ഫാക്കൽറ്റിമാരായ ഡോ. പരിണാസ് ഹുംറൻവാല, ഡോ. നന്ദിനി ഭട്ട് എന്നിവർ സയിന്റിഫിക് സെമിനാറിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ.എച്ച്.എം.എ ഏർപ്പെടുത്തിയ സർക്കാർ, സ്വകാര്യ മേഖലകളിലെ ബെസ്റ്റ് ഡോക്ടർ അവാർഡ്, ബെസ്റ്റ് എമർജിങ് ഡോക്ടർ അവാർഡ്, മീഡിയ അവാർഡ് എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്യും. ദൃശ്യമാധ്യമ മേഖലയിൽ മീഡിയവൺ ടി.വി സി.ഇ.ഒ റോഷൻ കക്കാട് ആണ് അവാർഡിന് അർഹനായത്.
ലോക ഹോമിയോപ്പതി് ദിനത്തിൽ ഹോമിയോപ്പതിയെ ജനഹൃദയങ്ങളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 10,001 രൂപയും മെമന്റോയും നൽകി അദ്ദേഹത്തെ ആദരിക്കും. അച്ചടി മാധ്യമ മേഖലയിൽ കേരള കൗമുദി പത്രത്തിന്റെ മലപ്പുറം ബ്യൂറോ മാനേജർ സുമോദ് കാരാട്ടുതൊടിയാണ് അവാർഡിന് അർഹനായത്.