കെട്ടടങ്ങാതെ ഐഎച്ച്ആർഡി ഡയറക്ടർ അഭിമുഖവിവാദം; അഭിമുഖം നടത്തിയ ബോർഡംഗങ്ങൾക്ക് പുതിയ നിയമനം
|അഭിമുഖത്തിൻ്റെ ഫലം ഏതുനിമിഷവും വരാം എന്നിരിക്കെയാണ് പുതിയ ആരോപണങ്ങൾ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺ കുമാർ പങ്കെടുത്ത ഐഎച്ച്ആർഡി ഡയറക്ടർ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. അഭിമുഖം നടത്തിയ ബോർഡിലെ അംഗങ്ങൾക്ക് പുതിയ നിയമനം നൽകാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ബോർഡ് അംഗങ്ങളായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ വിസി സ്ഥാനത്തേക്കും, ഡിജിറ്റൽ സർവകലാശാല വിസിക്ക് കാലാവധി നീട്ടി നൽകാനും സർക്കാർ നിർദേശിച്ചു.
ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തെ ചൊല്ലിയുള്ള തർക്കം ദിവസങ്ങളായി തുടരുകയാണ്. AICTE നിശ്ചയിച്ച യോഗ്യതകൾ സർക്കാർ ഭേദഗതി ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. നിലവിൽ ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതലയുള്ള അഡീഷണൽ ഡയറക്‌ടർ അരുൺകുമാറിനെ നിയമിക്കാനാണ് ഈ നീക്കം എന്നായിരുന്നു ആരോപണം.
ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച അഭിമുഖവും നടന്നു. അഭിമുഖത്തിൻ്റെ ഫലം ഏതുനിമിഷവും വരാം എന്നിരിക്കെയാണ് പുതിയ ആക്ഷേപം. ഡിജിറ്റൽ സർവകലാശാല വിസി ആയ സജി ഗോപിനാഥിൻ്റെ കാലാവധി ഈ മാസം അവസാനിക്കും. സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല കൂടി ഉള്ളതിനാൽ അദ്ദേഹം ഒഴിയുന്നതോടെ രണ്ടിടത്ത് പുതിയ വിസിമാരെ നിയമിക്കേണ്ടിവരും. ആ തസ്തികകളിലേക്ക് സർക്കാർ രാജ്ഭവന് നൽകിയ പേരുകളാണ് പുതിയ വിവാദത്തിന് കാരണം.
ഇൻറർവ്യൂ ബോർഡിൽ അംഗമായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഷാലിജ് പി.ആർ നിലവിലെ ഡിജിറ്റൽ വിസി സജി ഗോപിനാഥ് എന്നിവരുടെ പേരാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറിയത്. ഇതിൽ സജി ഗോപിനാഥിന് കാലാവധി നീട്ടി നൽകണം എന്ന തരത്തിലാണ് ശിപാർശ.