ഇലന്തൂർ നരബലിക്കേസ്: ഷാഫിയുമായി പൊലീസിന്റെ തെളിവെടുപ്പ്
|പത്മത്തിന്റെ 39 ഗ്രാം സ്വർണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെടുത്തു
കൊച്ചി: ഇലന്തൂർ നരബലി കേസ് പ്രതി ഷാഫിയുമായി പൊലീസ് കൊച്ചിയിൽ തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പത്മത്തിന്റെ ആഭരണം പണയം വെച്ച ധനകാര്യ സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് പണയം വെച്ച പത്മയുടെ സ്വർണം കസ്റ്റഡിയിലെടുത്തു. ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രതികളുടെ വൈദ്യ പരിശോധന കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതികളെ വിദഗ്ധ വൈദ്യ പരിശോധനക്കായി കളമശേരി മെഡിക്കൽ കോളജിലെത്തിച്ചത്. ഡി.എൻ.എ പരിശോധന ഉൾപ്പെടെ വിവിധ പരിശോധനകൾക്കൾക്കായി ശരീര സ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചു. ലൈംഗിക വൈകൃതത്തിനടിമയാണ് ഷാഫി എന്ന മുൻപത്തെ റിപ്പോർട്ട് ശാസ്ത്രീയമായി തെളിയിക്കുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം. മെഡിക്കൽ കോളജ് മോർച്ചറി കോപ്ലക്‌സിലെ ഫോറൻസിക് ലാബിൽ മൂന്ന് മണിക്കൂറിലേറെ നടപടിക്രമങ്ങൾ നീണ്ടു. പ്രതിഷേധം കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. വൈദ്യപരിശോധനക്ക് ശേഷം ഷാഫിയെ ഗാന്ധി നഗറിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പത്മയുടെ സ്വർണാഭരണങ്ങൾ പണയം വച്ച സ്ഥാപനത്തിലായിരുന്നു പരിശോധന. പത്മത്തിന്റെ 39 ഗ്രാം സ്വർണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെടുത്തു. പണമിടപാട് സംബന്ധിച്ച് ചില രേഖകൾ ഷാഫിയുടെ വീട്ടിൽ നിന്നും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.