Kerala
കെ.എം ഷാജിക്ക് തിരിച്ചടി; വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം തിരിച്ചു നൽകേണ്ടെന്ന് കോടതി
Kerala

കെ.എം ഷാജിക്ക് തിരിച്ചടി; വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം തിരിച്ചു നൽകേണ്ടെന്ന് കോടതി

Web Desk
|
4 Nov 2022 6:50 AM GMT

പണം വിട്ട് നൽകുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് വിജിലൻസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് തിരിച്ചടി. വിജിലൻസ് വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം വിട്ടുനൽകണമെന്ന കെ എം ഷാജിയുടെ ഹരജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. പിടിച്ചെടുത്ത പണം തിരികെ നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു.

കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത 47, 35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു വിജിലന്‍സ് പണം പിടിച്ചെടുത്തത്. പണം വിട്ട് നൽകുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് വിജിലൻസ് കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.

അഴിക്കോട്ടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 4735500 രൂപ പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നുമായിരുന്നു കെ എം ഷാജിയുടെ വാദം. ഇത് തിരികെ ലഭിക്കണമെന്ന് ചൂണ്ടികാട്ടി ഫണ്ട് പിരിവിന്റെ രേഖകൾ ഷാജി കോടതിയിൽ സമർപ്പിച്ചിരുന്നു. ഷാജി ഹാജരാക്കിയ 20,000 രൂപയുടെ രസീതുകളടക്കം വ്യാജമാണെന്നും പതിനായിരം രൂപക്ക് മുകളിലുള്ള തുക ഇത്തരത്തിൽ രസീത് ഉപയോഗിച്ച് പിരിച്ചെടുക്കാനാവില്ലെന്നും വിജിലൻസ് വാദിച്ചു. മേൽക്കോടതിയെ സമീപിക്കുമെന്ന് കെ എം ഷാജിയുടെ അഭിഭാഷകർ വ്യക്തമാക്കി

അഴിക്കോട് ഹയർ സെക്കണ്ടറി സ്കൂളിന് പ്ലസ്ടു അനുവദിക്കാമെന്ന് പറഞ്ഞ് കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നും 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമാണ് കേസ്. തുടർന്ന്​ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.


Related Tags :
Similar Posts