എറണാകുളത്ത് നഗരസഭയുടെ ഉത്തരവ് കാറ്റിൽപറത്തി അനധികൃത കെട്ടിട നിർമ്മാണം
|നിയമ ലംഘനത്തിന് കെട്ടിട ഉടമയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്നാണ് ആക്ഷേപം
കൊച്ചി:എറണാകുളം വാഴക്കാലയിൽ നഗരസഭയുടെ ഉത്തരവ് കാറ്റിൽപറത്തി അനധികൃത കെട്ടിട നിർമ്മാണം.കെട്ടിട നിയമം ലംഘിച്ചതിന് തൃക്കാക്കര നഗരസഭ രണ്ട് പ്രാവശ്യം സ്റ്റോപ്പ് മെമോ നൽകിയിട്ടും നിർമ്മാണം നിർത്തിവയ്ക്കാൻ കെട്ടിട ഉടമ തയ്യാറായിട്ടില്ല. നിയമ ലംഘനത്തിന് കെട്ടിട ഉടമയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്നാണ് ആക്ഷേപം.
തൃക്കാക്കര നഗരസഭ പരിധിയിലെ വാഴക്കാല സിവിൽ ലൈൻ റോഡിലാണ് നഗരസഭയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചു കൊണ്ടുളള ഈ അനധികൃത നിർമ്മാണം. സ്വർണ്ണ ജ്വവലറി എന്ന സ്ഥാപനത്തിന്റെ മുകളിലാണ് 6 നിലകൾ പുതിയതായി പണിയുന്നത്. അനുമതി വാങ്ങാതെയുളള നിർമ്മാണം നിർത്തിവയക്കയ്ക്കണെമെണ് നിർദേശിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ നഗരസഭ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. കെട്ടിട ഉടമയായ വാഴക്കാല സ്വദേശി ജയിംസ് വർഗീസ് ഇത് പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സെപ്തംബറിൽ വീണ്ടും നോട്ടീസ് നൽകി.
കഴിഞ്ഞ ജനുവരിയിൽ കെട്ടിടം പൊളിച്ച് മാറ്റണമെന്ന് നിർദേശം നൽകി രണ്ട് മാസം പിന്നിടുമ്പോഴും നിർമ്മാണം തുടരുകയാണ്.കെട്ടിട ഉടമയ്ക്ക് രാഷ്ടീയ പിന്തുണയുണ്ടെന്നാണ് പരാതിക്കാരുടെ ആക്ഷേപം. നിയമ ലംഘനത്തിന്റെ പേരിൽ ചെറുകിടക്കാരെ പിഴിയുന്ന നഗരസഭയിലെ ഉദ്യോഗസ്ഥർ വൻകിടക്കാർക്ക് സംരക്ഷണം ഒരുക്കുന്നുവെന്നാണ് ആരോപണം.
അതിനാൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുളള നിയമലംഘനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ വിജിലൻസിനെ സമീപിച്ചിട്ടുണ്ട്.