Kerala
അനധികൃത കെട്ടിട നിർമാണം; പാലക്കാട് മുനിസിപ്പൽ ഓഫീസിലേക്ക് വെൽഫയർ പാർട്ടി മാർച്ച്
Kerala

അനധികൃത കെട്ടിട നിർമാണം; പാലക്കാട് മുനിസിപ്പൽ ഓഫീസിലേക്ക് വെൽഫയർ പാർട്ടി മാർച്ച്

Web Desk
|
7 Sep 2023 3:00 PM GMT

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി മാർച്ച് ഉദ്ഘാടനം ചെയ്തു

പാലക്കാട്: പാലക്കാട് നഗരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ അനധികൃത കെട്ടിട നിർമ്മാണം ക്രമവത്കരിച്ച സംഭവത്തിൽ മുൻസിപ്പൽ ഓഫീസിലേക്ക് വെൽഫയർ പാർട്ടി മാർച്ച് സംഘടിപ്പിച്ചു. നേരത്തെ നഗരസഭയിൽ നടന്ന ധനകാര്യ സമിതി യോഗത്തിലാണ് കെട്ടിടവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയത്. വിഷയത്തിൽ ഭരണപക്ഷത്തെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി ക്ക് സമീപം സ്ഥിതി ചെയ്യുന്ന മാധവ രാജ ക്ലബ്ബിന്റെ പേരിലാണ് ആരോപണങ്ങൾ. ക്ലബ്ബിന്റെ കെട്ടിടത്തിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ച് 5 കോടി 60 ലക്ഷം രൂപ നികുതി ഒഴിക്കാൻ ശ്രമം നടക്കുന്നതായി കൗൺസിലിലെ ചില അംഗങ്ങൾ ചൂണ്ടികാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ക്രമവത്കരണം എന്ന് സെക്രട്ടറി അറിയിച്ചെങ്കിലും ധനകാര്യ സമിതി അധ്യക്ഷൻ നടത്തിയ പരിശോധനയിൽ രേഖകൾ ഒന്നും കണ്ടെത്തിയില്ല. ഇതോടെ ക്രമവിരുദ്ധമായ നടപടികളുണ്ടായെന്ന നിഗമനത്തിലേക്ക് സമിതി അംഗങ്ങൾ എത്തിചേർന്നു.

ഈ വിഷയത്തിലാണ് വെൽഫെയർ പാർട്ടി ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നഗരസഭയിലേക്ക് ഇവർ നടത്തിയ മാർച്ച് കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി മാർച്ച് ഉദ്ഘാടനം ചെയ്തു. നികുതി ഒഴിവാക്കാൻ കൂട്ടു നിന്ന ഭരണപക്ഷത്തെ അംഗങ്ങൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. അതേ സമയം ഏത് അന്വേഷണത്തിനും തയ്യാറാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ക്ലബ്ബ് അധികൃതർ. വിഷയത്തിൽ വ്യക്തമായ നടപടി സ്വീകരിക്കും വരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് വെൽഫെയർ പാർട്ടിയുടെ തീരുമാനം.

Similar Posts