അട്ടപ്പാടിയില് എച്ച്.ആര്.ഡി.എസിന്റെ അനധികൃത മരുന്ന് വിതരണവും ഡാറ്റ ശേഖരണവും; അന്വേഷണം ആരംഭിച്ചു
|കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരിലാണ് എച്ച്.ആര്.ഡി.എസ് ആദിവാസി ഊരുകളിൽ മരുന്ന് വിതരണം നടത്തിയത്
പാലക്കാട് അട്ടപ്പാടിയിൽ എച്ച്.ആര്.ഡി.എസ് നടത്തിയ അനധികൃത മരുന്ന് വിതരണത്തിൽ അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലം സബ് കലകടറുടെ റിപ്പോർട്ട് ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ അറിയിച്ചു. അനുമതി ഇല്ലാതെയാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഹോമിയോ വകുപ്പ് ഡി.എം.ഒ സർക്കാറിന് റിപ്പോർട്ട് നൽകി.
കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരിലാണ് എച്ച്.ആര്.ഡി.എസ് ആദിവാസി ഊരുകളിൽ മരുന്ന് വിതരണം നടത്തിയത്. മരുന്ന് നൽകിയ വീടുകളിലെ മുഴുവൻ അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളും ആധാർ ഉൾപെടെ ഉള്ള രേഖകളും ശേഖരിച്ചു. സംഭവം വാർത്ത ആയതോടെ അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സ്വകാര്യ കമ്പനിയുടെ മരുന്നാണ് വിതരണം ചെയ്തത്. മരുന്ന് വിതരണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രിക്ക് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി. എച്ച്.ആർ.ഡി.എസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ മൂലം സബ് കലക്ടറുടെ അനുമതി ഇല്ലാതെ ആദിവാസി ഊരുകളിൽ ആരും പ്രവേശിക്കരുതെന്ന് ഉത്തരവിറങ്ങിയിരുന്നു. ഇത് ലംഘിച്ചാണ് മരുന്ന് വിതരണവും, ഡാറ്റ ശേഖരണവും നടത്തിയത്. എച്ച്.ആര്.ഡി.എസ് അഥവ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ പേരിലുള്ള മറ്റ് ആരോപണങ്ങളും പരിശോധിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.