സുഗന്ധഗിരിയിലെ അനധികൃത മരംമുറി വനംവകുപ്പ് ജീവനക്കാരുടെ അറിവോടെ: ഭൂവുടമ
|ജീവനക്കാരുടെ മേൽനോട്ടത്തിൽ നടന്ന മരം മുറിയായതിനാൽ ചോദ്യം ചെയ്തില്ലെന്നും ഊട്ടുപാറയിൽ ജോസഫ്
വയനാട്: സുഗന്ധഗിരിയിലെ അനധികൃത മരംമുറി വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയെന്ന് ഭൂവുടമ. മരം വീണ് വീടിന് കേടുപാട് സംഭവിച്ചപ്പോൾ മരം മുറിക്കാൻ ആളെത്തുമെന്ന് ജീവനക്കാർ തന്നെയാണ് അറിയിച്ചത്. അനുമതി പത്രം ലഭിച്ചതിന് പിന്നാലെ വീടിന് ഭീഷണിയാകാത്ത മരങ്ങളും വെട്ടിവീഴ്ത്തി. ജീവനക്കാരുടെ മേൽനോട്ടത്തിൽ നടന്ന മരം മുറിയായതിനാൽ ചോദ്യം ചെയ്തില്ലെന്നും ഊട്ടുപാറയിൽ ജോസഫ് പറഞ്ഞു.
വീടിന് ഭീഷണിയായിരുന്ന പത്ത് മരങ്ങള്‍ മുറിക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് ഭൂവുടമ ഊട്ടുപാറയില്‍ ജോസഫ് പറഞ്ഞു. എന്നാൽ, ഈ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനൊപ്പം ഭീഷണിയാകാത്ത മരങ്ങളും മുറിച്ചു. വനംവകുപ്പുദ്യോഗസ്ഥന്‍റെ കാവലിലായിരുന്നു മരം മുറി. മുഴുവൻ സമയവും ഉദ്യോഗസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നതായും ഇവർ പറഞ്ഞു.
സംഭവത്തിൽ കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, വനം വകുപ്പ് വാച്ചർമാരായ എം കെ ബാലൻ, ആർ. ജോൺസൺ എന്നിവർക്കെതിരെ നേരത്തെ വനംവകുപ്പ് നോർത്തേൺ സിസിഎഫ് കെ.എസ്.ദീപ നടപടിയെടുത്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർ പങ്കുണ്ടോ എന്ന് അന്വേഷിക്കാനും നോർത്തേൺ സിസിഎഫ് നിർദേശിച്ചിരുന്നു.
1986 ൽ വയനാട് പൊഴുതനയിൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിലാണ് വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല തുടങ്ങിയ വിഭാഗത്തിൽ പെട്ട നൂറോളം വൻ മരങ്ങള്‍ മുറിച്ചത്