ഭൂനിയമങ്ങൾ ലംഘിച്ച് ആദിവാസികൾക്ക് നൽകിയ പട്ടയഭൂമിയിൽ അനധികൃത പാറഖനനം
|കാണിപ്പറ്റ് എന്ന പേരിലുള്ള ഈ പട്ടയ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയാണ് പാറ പൊട്ടിക്കുന്നത്
തിരുവനന്തപുരം: ഭൂനിയമങ്ങൾ ലംഘിച്ച് തലസ്ഥാനത്ത് അനധികൃത പാറഖനനം. തിരുവനന്തപുരം വെള്ളറടയിലാണ് എൽ.എ പട്ടയ ഭൂമിയിൽ വൻ ഖനനം നടക്കുന്നത്.. വർഷങ്ങൾക്കു മുൻപ് ആദിവാസികൾക്കായി നൽകിയ പട്ടയഭൂമിയാണ് ഇവിടം. നെയ്യാർ വന്യജീവി സങ്കേതത്തിന് മൂന്ന് കിലോമീറ്റർ മാത്രമകലത്തിലാണ് വെള്ളറടയിലെ അനധികൃത ഖനനം നടക്കുന്നത്. പ്രദേശത്തെ ഖനനം നടക്കുന്നതടക്കമുള്ള 300 ഏക്കറോളം ഭൂമി വർഷങ്ങൾക്കു മുൻപ് ആദിവാസികൾക്ക് പട്ടയം നൽകിയതാണ്. കാണിപ്പറ്റ് എന്ന പേരിലുള്ള ഈ പട്ടയ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയാണ് പാറ പൊട്ടിക്കുന്നത്.
കാണിപ്പറ്റ് എൽ എ പട്ടയത്തിൽ ഉൾപ്പെട്ടതാണ്. എൽ എ പട്ടയഭൂമിയിൽ ഖനനം നടത്തരുതെന്ന് 2015 ലെ മിനറൽസ് ആൻഡ് മൈൻസ് കൺസഷൻ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. ഇത് നിലനിൽക്കവയാണ് വെള്ളറടയിൽ നൂറുകണക്കിന് എക്കറിലെ പാറ പൊട്ടിക്കുന്നത് . ക്വാറി പ്രവർത്തനമാരംഭിക്കുന്നതിനെതിരെ നാട്ടുകാർ സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ കോവിഡിന്റെ മറവിൽ വ്യാജരേഖ സൃഷ്ടിച്ച് അനുമതി നേടിയെന്നാണ് ആക്ഷേപം. ക്വാറിക്കെതിരെ നാട്ടുകാർ ഹൈക്കോടതിയിൽ നൽകിയ കേസും റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അനന്തമായി നീളുകയാണ്.