പൊന്നമ്പലമേട്ടിലെ അതീവസുരക്ഷാ മേഖലയിൽ അനധികൃത പൂജ; വനം വകുപ്പ് അന്വേഷണം
|ദേവസ്വം ബോർഡിന്റെ പരാതിയിൽ പൂജ നടത്തിയ നാരായണൻ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ പച്ചക്കാനം ഡിവിഷൻ വനം വകുപ്പ് കേസെടുത്തു
തിരുവനന്തപുരം: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജയെന്ന് ദേവസ്വം ബോർഡിന്റെ പരാതി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനും വനം വകുപ്പിനുമാണ് ബോർഡ് പരാതി നൽകിയത്. പരാതിയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതേക്കുറിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ദേവസ്വം കമ്മിഷണറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
അഞ്ചംഗ സംഘമാണ് ഒരാഴ്ച മുൻപ് ഒരു സംഘം എത്തി പൂജ നടത്തിയത്. നാരായണൻ സ്വാമി എന്ന പേരിലുള്ള ഒരാളുടെ നേതൃത്വത്തിൽ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. നാരായണൻ സ്വാമി നേരത്തെ ശബരിമല സന്നിധാനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തതായി സൂചനയുണ്ട്. പൂജയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ദേവസ്വം ബോർഡിന്റെ പരാതിയിൽ സംഘത്തിനെതിരെ പച്ചക്കാനം ഡിവിഷൻ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡി.ജി.പിക്കും ദേവസ്വം ബോർഡ് പരാതി നൽകിയിട്ടുണ്ട്.
അതീവ സുരക്ഷാമേഖലയാണ് പൊന്നമ്പലമേട്. ഇവിടെനിന്നാൽ ശബരിമല സന്നിധാനം അടക്കം കാണാനാകും. മകരവിളക്ക് തെളിയിക്കുന്ന സ്ഥലമാണിത്. അതിനാൽ, വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശമുള്ളത്. പൊലീസും വനം വകുപ്പും അറിയാതെ ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ കഴിയില്ല.
Summary: The Kerala Devaswom Board lodged a complaint with the police and the forest department that a five-member group performed illegal puja at Sabarimala Ponnambalamedu, a high-security area.