Kerala
kannur airport

കണ്ണൂര്‍ വിമാനത്താവളം

Kerala

കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിയമ വിരുദ്ധ പരിശോധനകൾക്ക് വിധേയമാക്കുന്നു; പരാതി

Web Desk
|
22 April 2023 2:45 AM GMT

മണിക്കൂറുകൾ തടഞ്ഞ് വെച്ചശേഷം അനുമതി ഇല്ലാതെ യാത്രക്കാരെ എക്സറേ പരിശോധനക്ക് വിധേയമാക്കുന്നു എന്ന് പരാതിയിൽ പറയുന്നു

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കസ്റ്റംസ് നിയമ വിരുദ്ധ പരിശോധനകൾക്ക് വിധേയമാക്കുന്നതായി പരാതി.മണിക്കൂറുകൾ തടഞ്ഞ് വെച്ചശേഷം അനുമതി ഇല്ലാതെ യാത്രക്കാരെ എക്സറേ പരിശോധനക്ക് വിധേയമാക്കുന്നു എന്ന് പരാതിയിൽ പറയുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ദിനം പ്രതി പരിശോധനക്ക് എത്തിക്കുന്നത് സ്ത്രീകളടക്കം അൻപതിലധികം യാത്രക്കാരെയാണ്.

ഗൾഫിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന സ്ത്രീകളടക്കമുളള യാത്രക്കാരാണ് കസ്റ്റംസിന്‍റെ നിയമവിരുദ്ധ പരിശോധനകൾക്ക് ഇരയാവുന്നത്.എമിഗ്രേഷൻ നടപടികൾക്ക് ശേഷം പുറത്തിറങ്ങുന്ന യാത്രക്കാരുടെ ശരീരവും ബാഗും സ്കാനിങ് പരിശോധന നടത്തുന്നത് പതിവാണ്. എന്നാൽ ചില യാത്രക്കാരെ പരിശോധനക്കെന്ന പേരിൽ മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും വസ്ത്രം അഴിച്ചുളള പരിശോധനയും നടത്തും. അതിന് ശേഷമാണ് മട്ടന്നൂർ നഗരത്തിൽ പ്രവർത്തിക്കുന്ന എച്ച് എൻ സി എന്ന സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റെ പരിശോധനക്ക് വിധേയമാക്കുന്നത്.

എന്നാൽ ഈ നടപടി നിയമ വിരുദ്ധവും കസ്റ്റംസ് ആക്ടിന് എതിരുമാണ്.ഏതെങ്കിലും യാത്രക്കാരൻ ശരീരത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഒളിപ്പിച്ച് കടത്തുന്നതായി സംശയമുണ്ടായാൽ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം.മജിസ്ട്രേറ്റ് അനുമതി നൽകിയാൽ മാത്രമെ യാത്രക്കാരനെ എക്സ്റെ പരിശോധനക്ക് വിധേയമാക്കാൻ പാടുളളൂ.അതല്ലങ്കിൽ എക്സറെ പരിശോധനക്ക് തയ്യാറാണന്ന് ഇയാൽ രേഖാമൂലം എഴുതി നൽകണം.തുടർന്ന് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മഹസർ എഴുതി തയ്യാറാക്കി വേണം പരിശോധന നടത്താൻ.എന്നാൽ ഇത്തരം നടപടികളൊന്നും കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പാലിക്കുന്നില്ലെന്നാണ് പരാതി.

കസ്റ്റംസിന്‍റെ ഈ നിയമവിരുദ്ധ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കസ്റ്റംസ് മേധാവിക്കും പരാതി നൽകിയതായും അബൂബക്കർ പറയുന്നു. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് വ്യാപകമാണെന്നും യാത്രക്കാരുടെ സമയ നഷ്ടം ഒഴിവാക്കാനാണ് നടപടി ക്രമങ്ങൾ പാലിക്കാത്തതെന്നുമുളള വിചിത്ര ന്യായമാണ് ഇക്കാര്യത്തിൽ കസ്റ്റംസ് നൽകുന്നത്.



Similar Posts